Mon. Dec 23rd, 2024
കൽപ്പറ്റ:

വയനാട് കുറുക്കൻമൂലയിലെ ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. പ്രദേശത്ത് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ മയക്കുവെടി വെക്കുന്നതിനുള്ള  വനപാലക സംഘം ക്യാംപ് ചെയ്യുകയാണ്. സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ ഇര അടങ്ങിയ കൂട് സ്ഥാപിച്ചിട്ടുണ്ട്.

മേഖലയിൽ നിരോധനാജ്ഞ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ പത്തോളം വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. ഇന്നലെ രാവിലെ ഒൻപതരയോടെ നാട്ടുകാരും കടുവയെ നേരിട്ട് കണ്ടിരുന്നു.

വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കു വെടിവെക്കാൻ തീരുമാനമായിരുന്നു. കടുവ ഡിസംബ‍‍‍ർ 9ന് രാത്രിയും വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. 14 ദിവസത്തിനിടെ 10 വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ കഴിഞ്ഞ ദിവസം ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചിരുന്നു.

കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് മുന്നോടിയായി മാനന്തവാടി കുറുക്കൻമൂലയിലും പരിസരങ്ങളിലും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആളുകൾ പുറത്തിറങ്ങരുതെന്ന് പോലീസും വനം വകുപ്പും മുന്നറിയിപ്പ് നൽകി.