Fri. Apr 26th, 2024
പുനലൂർ:

പൊൻകുന്നം–പുനലൂർ പാതയിൽ പുനർനിർമാണ ജോലികൾ നടക്കുന്നതിനാൽ ശബരിമലയിലേക്ക് പോകേണ്ട വാഹനങ്ങൾ മറ്റൊരു റൂട്ടിലൂടെ തിരിച്ചുവിടുന്നതിന് അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും  പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്താഞ്ഞതിനാൽ തീർഥാടകർക്ക് ആശയക്കുഴപ്പം. അറിയിപ്പ് ബോർഡ് ശ്രദ്ധിക്കാതെ പഴയ വഴി തമിഴ്നാട്ടിലേക്ക് പോയ വാഹനമാണ് പുനലൂർ  നെല്ലിപ്പള്ളി ഹൈസ്കൂൾ ജംക്‌ഷനു സമീപം ഇന്നലെ പുതഞ്ഞത്. ഏറെ നേരം പണിപ്പെട്ടാണ് മിനി ബസിന് യാത്ര തുടരാനായത്.

ദേശീയപാതയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നു ചെങ്കോട്ട വഴി പുനലൂരിൽ എത്തുന്ന വാഹനങ്ങൾ കുന്നിക്കോട്– പത്തനാപുരം–കല്ലുംകടവ്–അടൂർ–കൈപ്പട്ടൂർ–പത്തനംതിട്ട വഴി തിരിഞ്ഞു പോകണം.
മലയാളം, തമിഴ്, ഇംഗ്ലിഷ് ഭാഷകളിൽ രേഖപ്പെടുത്തിയ അറിയിപ്പ് ബോർഡ് കഴിഞ്ഞ ദിവസം പുനലൂർ ടിബി ജംക്‌ഷനിലും മറ്റു കേന്ദ്രങ്ങളിലും സ്ഥാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി പുനലൂർ ടിബി ജംക്‌ഷനിൽ എത്തുന്ന തീർത്ഥാടക വാഹനങ്ങൾ പത്തനാപുരം പാതയിലേക്ക് തന്നെ പോകുകയാണ്.

തിരിച്ചും ഇതുതന്നെയാണ് സ്ഥിതി.  പലഭാഗത്തും കൂറ്റൻ സംരക്ഷണ ഭിത്തി നിർമാണത്തിനായി റോഡിന്റെ മധ്യഭാഗം മുതൽ ഇടിച്ചു മാറ്റിയിട്ടുണ്ട് ഈ ഭാഗത്ത് ഒരു വശത്തു കൂടിയാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്.