Sat. Apr 27th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇതുവരെ വാക്സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ ഇനിയും വാക്‌സിൻ എടുക്കാത്ത 1707 അധ്യാപകരും അനധ്യാപകരും ഉണ്ടെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. ഏറ്റവും കൂടുതൽ പേർ വാക്‌സിൻ എടുക്കാനുള്ള ജില്ല മലപ്പുറമാണ്. 201 അധ്യാപക അനധ്യാപക ജീവനക്കാരാണ് മലപ്പുറം ജില്ലയില്‍ ഇനി വാക്സിന്‍ സ്വീകരിക്കാനുള്ളത്.

മുഴുവൻ അധ്യാപകരും അനധ്യാപകരും വാക്‌സിൻ എടുക്കണം എന്നാണ് മാർഗ്ഗരേഖയിൽ ഉള്ളതെന്ന് വ്യക്തമാക്കിയ മന്ത്രി കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമാണ് പ്രഥമ പരിഗണനയെന്നും പറഞ്ഞു.

അതുകൊണ്ട് തന്നെ വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കണം, ആരോഗ്യ പ്രശ്നമുള്ളവർ സർക്കാർ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ എല്ലാ ആഴ്ചയും ആർ ടി പി സി ആർ ടെസ്റ്റ്‌ എടുക്കണം. ഇതിലൊന്നും സഹകരിക്കാത്തവര്‍ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാം. വി ശിവന്‍കുട്ടി വ്യക്തമാക്കി.