Thu. Apr 25th, 2024
കൽപറ്റ:

കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങൾ പെറ്റുപെരുകി കൃഷിനാശമുണ്ടാക്കുന്ന സാഹചര്യം മുതലെടുത്തു ജില്ലയിൽ നാടൻ തോക്കു നിർമാണ സംഘങ്ങൾ സജീവമാകുന്നു. വന്യമൃഗശല്യത്താൽ പൊറുതി മുട്ടുന്നവരെ ലക്ഷ്യമിട്ടാണ് അനധികൃത തോക്കു നിർമാണം. രഹസ്യകേന്ദ്രങ്ങളിൽ നിർമിക്കുന്ന തോക്കുകൾ ഇടനിലക്കാരുടെ സഹായത്തോടെ ജില്ല കടക്കുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ തോക്കിനു ലൈസൻസുള്ളവർ ഏറ്റവും കുറവുള്ള ജില്ലയാണു വയനാട്. 2020 ജനുവരി വരെയുള്ള കണക്കുപ്രകാരം 69 പേർക്കു മാത്രമേ ജില്ലയിൽ തോക്ക് ലൈസൻസ് ഉള്ളൂ. എന്നാൽ, ലൈസൻസില്ലാതെ തോക്കുപയോഗിക്കുന്നവർ അതിന്റെ ഇരട്ടിയിലേറെ വരുമെന്നു പൊലീസ് പറയുന്നു.

കേരള- കർണാടക അതിർത്തിയിൽ കൃഷി ഉപകരണങ്ങൾ നിർമിക്കുന്ന ചിലർ വ്യാജതോക്ക് നിർമാണത്തിലും വിദഗ്ധരാണ്. ഒറ്റക്കുഴൽ, ഇട്ടക്കുഴൽ തോക്കുകൾ ഇവർ നിർമിച്ചുനൽകും. ഇടനിലക്കാർ വഴിയാണു വിപണനം. ജനവാസം കുറവായ പ്രദേശങ്ങളിൽ പൊലീസിനും വനപാലകർക്കും എത്തിപ്പെടാനുമാകില്ല.

കർണാടകയിൽ നിന്നാണു തോക്കു നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ പ്രധാനമായും എത്തുന്നത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ക്വാറികളിൽനിന്നു വെടിമരുന്നും എത്തിക്കും. ആക്രിക്കടകളിൽ നിന്നു കിട്ടുന്ന ഇരുമ്പുപൈപ്പുകളും നാടൻ തോക്ക് നിർമാണത്തിന് ഉപയോഗിക്കുന്നു.

തോക്കു നിർമാണത്തിലുണ്ടാകാവുന്ന സാങ്കേതിക പിഴവുകളും അപാകതകളും വ്യാജ തോക്കുപയോഗത്തിന്റെ അപകട സാധ്യത വർദ്ധിപ്പിക്കുന്നു. ഇത്തരം വ്യാജ തോക്കുകളിലൊന്നാണു കഴിഞ്ഞദിവസം വണ്ടിയാമ്പറ്റയിൽ കൃഷിയിടത്തിൽ കാവലിനിറങ്ങിയ മെച്ചന ചുണ്ടങ്ങോട് കോളനിയിലെ ജയന്റെ ജീവൻ അപഹരിച്ചതും. 2019ൽ പുൽപള്ളി കാപ്പിസെറ്റിൽ വാക്കുതർക്കത്തെത്തുടർന്ന് അയൽവാസിയെ നാടൻ തോക്കുപയോഗിച്ചു വെടിവച്ചു കൊലപ്പെടുത്തിയ സംഭവവും ഉണ്ടായിരുന്നു.