Mon. Dec 23rd, 2024
തിരുവനന്തപുരം:

പ്രതിരോധ വാക്സീനു പകരം കൊവിഡ് വാക്സീൻ മാറി കുത്തി വച്ചതിനെ തുടർന്ന് പനി ബാധിച്ച വിദ്യാർത്ഥിനികൾക്ക് മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയത് തറയിൽ കിടത്തി. ദേഹവേദന ഉള്ളതിനാൽ നിലത്ത് കിടക്കാൻ പ്രയാസമുണ്ടെന്ന് പറ​ഞ്ഞിട്ടും കിടക്ക നൽകിയില്ല. വാർഡിൽ ആവശ്യത്തിന് ബെഡ് ഇല്ലെന്ന് പറഞ്ഞ് ജീവനക്കാർ മുഖം തിരിച്ചതോടെ ആറു മണിക്കൂറോളം ഇവർ നിലത്തു കിടന്നു.

ഒടുവിൽ പെൺകുട്ടികളെ തറയിൽ കിടത്തിയ വിവരം പുറത്തായതോടെ ആശുപത്രി അധികൃതർ ഇടപെട്ട് കിടക്ക സൗകര്യമുള്ള മുറിയിലേക്ക് മാറ്റുകയായിരുന്നു. ആര്യനാട് ആശുപത്രിയിൽ വാക്സിൻ മാറി കുത്തിവയ്പു ലഭിച്ച 15 വയസ്സുള്ള പെൺ കുട്ടികൾക്കാണ് വീണ്ടും ദുരനുഭവമുണ്ടായത്. ഉഴമലയ്ക്കൽ ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് ഇവരെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.

ഇരുവർക്കും കാൽ മുട്ടിനു താഴെ വേദനയുള്ളതിനാൽ നടക്കാൻ പ്രയാസമുണ്ടായിരുന്നു. 2ാം വാർഡിൽ അഡ്മിറ്റ് ചെയ്ത് നിലത്ത് കിടത്തുകയായിരുന്നു. നാലു മണി കഴിഞ്ഞിട്ടും കിടക്ക ലഭിച്ചില്ല. ഒടുവിൽ വിഷയം ആശുപത്രി സൂപ്രണ്ടിന്റെ ശ്രദ്ധയിൽ എത്തിയതിന് ഒടുവിലാണ് പ്രശ്നത്തിന് പരിഹാരമായത്.

സംഭവത്തില്‍ ഒരു ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. കുറ്റാരോപിതയായ ജെ പി എച്ച്എന്‍ ഡ്രേഡ് 2 ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്.