ഉഗാണ്ട:
ചൈനയിൽ നിന്നെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയത് മൂലം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടക്ക് ഏക അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ.
2015ൽ എടുത്ത ലോണിന്റെ ഭാഗമായുള്ള കരാറിലെ വ്യവസ്ഥകൾ മൂലം എന്റെബേ വിമാനത്താവളം ചൈനയ്ക്ക് ലഭിക്കുമെന്ന സ്ഥിതിയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരാർ പ്രകാരം അന്താരാഷ്ട്ര മധ്യസ്ഥതയില്ലാതെ തന്നെ വിമാനത്താവളം ചൈനക്ക് പിടിച്ചെടുക്കാവുന്നതാണ്.
2015-ലാണ് യുഗാണ്ടൻ സർക്കാർ, ചൈനയുടെ എക്‌സ്‌പോർട് ഇംപോർട് ബാങ്കിൽ നിന്ന് 20.7 കോടി യുഎസ് ഡോളർ കടമെടുത്തത്. എന്റബേ വിമാനത്താവളത്തെ രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു രണ്ട് ശതമാനം പലിശ നിരക്കിൽ യുഗാണ്ടൻ സർക്കാർ വായ്പയെടുത്തത്.
ഏഴ് വർഷത്തെ ഗ്രേസ് പീരിഡ് അടക്കം 20 വർഷമായിരുന്നു വായ്പാ കാലാവധി. യുഗാണ്ടയുടെ ധനമന്ത്രാലയവും വ്യോമമന്ത്രാലയവുമാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്. കരാറിലെ വിവാദ വ്യവസ്ഥകൾ ഒഴിവാക്കി കരാർ പരിഷ്‌കരിക്കണമെന്ന യുഗാണ്ടയുടെ ആവശ്യം ചൈന നിരാകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.