എ ഐ എഫ് എഫ് സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിന് കേരളം ഉത്തരാഖണ്ഡിനെ തോൽപ്പിച്ചു. കേരളത്തിനായി ഫെമിന 2 ഗോളുകൾ നേടി.
കഴിഞ്ഞ കളിയിൽ മിസ്സോറാം നൽകിയ പരാജയത്തിൽ നിന്നും പാഠം പഠിച്ചായിരുന്നു ഇന്ന് കേരളത്തിന്റെ മുന്നേറ്റം. കേരളത്തിനായി ആദ്യം വിനീത വിജയനാണ് ഗോൾ നേടിയത്. പിന്നീട് ഭഗവതി ചൗഹാനിലൂടെ ഉത്തരാഖണ്ഡ് സമനില പിടിച്ചു.
രണ്ടാം പകുതിയിൽ തിരിച്ചു വന്ന കേരളം ഫെമിനയിലൂടെ ലീഡ് നേടി. കളിയുടെ അവസാന നിമിഷത്തിൽ ഫെമിനയെ ഫൗൾ ചെയ്തതിന് കേരളത്തിന് പെനാൽട്ടി ലഭിച്ചു. പെനാൽട്ടി ലക്ഷ്യസ്ഥാനത്തെത്തിച്ച് ഫെമിന കേരളത്തിന്റെ ലീഡ് രണ്ടായി ഉയർത്തി.
മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങുമ്പോൾ കേരളം 3-1 ന് വിജയിച്ചു. മറ്റന്നാൾ നടക്കുന്ന കളിയിൽ മധ്യപ്രദേശിനെ തോൽപ്പിച്ചാൽ കേരളത്തിന് ക്വാർട്ടർ ഉറപ്പിക്കാം. അതേസമയം തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ ഇന്ത്യയുടെ മുൻ ജൂനിയർ സ്‌ട്രൈക്കർ കാരെൻ പൈസിന്റെ ഹാട്രിക് മികവിൽ മറുപടിയില്ലാത്ത് 6 ഗോളിന് മഹാരാഷ്ട്ര അരുണാചൽ പ്രദേശിനെ തോൽപ്പിച്ചു.
മറ്റ് മത്സരങ്ങളിൽ തമിഴ്‌നാടിനോട് 20 ഗോളിന് തെലങ്കാന തോറ്റു. ഹിമാചൽ പ്രദേശ് 3-2ന് ബിഹാറിനെയും പരാജയപ്പെടുത്തി.