Sun. Dec 22nd, 2024
ന്യൂഡൽഹി:

ഐപിഎൽ ടീമുകൾക്ക് താരങ്ങളെ നിലനിർത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, കെ എൽ രാഹുൽ, റാഷിദ് ഖാൻ എന്നിവർക്ക് ഐപിഎല്ലിൽ ഒരു വർഷത്തെ വിലക്കു നേരിടേണ്ടി വന്നേക്കുമെന്നു റിപ്പോർട്ടുകൾ. കെഎൽ രാഹുലിനെയും റാഷിദിനെയും നിലവിലെ ടീമുകൾ വിടുന്നതിനു ലക്നൗവിൽനിന്നുള്ള പുതിയ ഫ്രാഞ്ചൈസി സമീപിച്ചതായും സ്വാധീനം ചെലുത്തിയതായും പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾ പരാതി നൽകിയെന്നു ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

പരാതി സംബന്ധിച്ച കത്തു ലഭിച്ചിട്ടില്ലെന്നും എന്നാൽ വാക്കാലുള്ള പരാതി ലഭിച്ചെന്നും വ്യക്തമാക്കിയ ബിസിസിഐ അധികൃതർ ‌വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരെന്നു കണ്ടെത്തായാൽ ഇരുവർക്കുമെതിരെ നടപടി ഉണ്ടാകുമെന്നും പറഞ്ഞു. പഞ്ചാബ് കിങ്സ് വിടുന്നതിനായി രാഹുലിനു ലക്നൗ 20 കോടിയിൽ അധികം രൂപയും ഹൈദരാബാദ് വിടുന്നതിനായി റാഷിദിന് 16 കോടി രൂപ വരെയും നൽകാമെന്നു സമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റാഷിദിനെ നിലനിർത്താൻ താൽപര്യം ഉണ്ടെങ്കിലും ഇതിനായി 12 കോടിയിൽ അധികം മുടക്കാനാകില്ലെന്ന നിലപാടിലാണ് ഹൈദരാബാദ്.

നിലവിൽ രാഹുലിന്റെ പ്രതിഫലം 11 കോടിയും റാഷിദിന്റെത് 9 കോടിയുമാണ്. 2010ൽ രാജസ്ഥാൻ റോയൽസുമായി കരാർ നിലനിൽക്കെ മറ്റു ഫ്രാഞ്ചൈസികളുമായി ചർച്ചകൾ നടത്തിയെന്നു തെളിഞ്ഞതോടെ രവീന്ദ്ര ജഡേജയ്ക്കു ബിസിസിഐ ഒരു ഐപിഎൽ സീസണിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.