Sun. Dec 22nd, 2024
ചെന്നൈ:

തമിഴ്​നാട്ടിൽ സുഹൃത്തിനൊപ്പം സിനിമ കഴിഞ്ഞ്​ മടങ്ങി​യ യുവതിയെ ബലാത്സംഗം ചെയ്​ത്​ പണം തട്ടിയ പൊലീസുകാരൻ അറസ്റ്റിൽ. സിനിമക്ക്​ ശേഷം സുഹൃത്തും തൊഴിലുടമയുമായ യുവാവിനൊപ്പം വീട്ടിലേക്ക്​ മടങ്ങുന്നതിനിടെ ശനിയാഴ്ച രാത്രിയാണ്​ സംഭവം.

തിലഗർ തിഡൽ പൊലീസ്​ സ്​റ്റേഷനിലെ കോൺസ്റ്റബ്​ളായ 41കാരൻ മുരുകനാണ്​ അറസ്റ്റിലായത്​. യുവതിയുടെ സുഹൃത്തിന്‍റെ ഡെബിറ്റ്​ കാർഡിൽനിന്ന്​ ഇയാൾ 40,000 രൂപ പിൻവലിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്​തു. ബലാത്സംഗം, ക്രിമിനൽ ഗൂഡാലോചന, കവർച്ച തുടങ്ങിയവയുടെ വകുപ്പുകൾ ചുമത്തിയാണ്​ അറസ്റ്റ്​.

ബൈക്കിൽ പട്രോളിങ്​ നടത്തുന്നതിനിടെ യുവാവിനെയും യുവതിയെയും ​മുരുകൻ തടഞ്ഞുനിർത്തുകയായിരുന്നു. ഇരുവരുടെയും സംസാരത്തിൽനിന്ന്​ ഇവർ ദമ്പതികൾ അല്ലെന്ന്​ പൊലീസുകാരൻ മനസിലാക്കി. ഇവരുടെ ബന്ധത്തെക്കുറിച്ച്​ രണ്ടുപേരുടെയും കുടുംബങ്ങളെ അറിയിക്കുമെന്ന്​ പൊലീസുകാരൻ ഭീഷണിപ്പെടുത്തി.

തുടർന്ന്​ സുഹൃത്തിന്‍റെ ഡെബിറ്റ്​ കാർഡ്​ കൈക്കലാക്കി എ ടി എമ്മിൽനിന്ന്​ 40,000 രൂപ പിൻവലിച്ചു. പിന്നീട്​ യുവാവിനെ അവിടെനിന്ന്​ പറഞ്ഞയക്കുകയും യുവതിയെ വീട്ടിലാക്കാമെന്ന വ്യാജേന യുവതിയെ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു.

എന്നാൽ, തൊട്ടടുത്ത ലോഡ്​ജിലേക്ക്​ യുവതിയെ ഇയാൾ കൂട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം യുവതിയെ ഓ​ട്ടോയിൽ വീട്ടിലേക്ക്​ അയച്ചു. തുടർന്ന്​ സുഹൃത്തി​നോട്​ യുവതി സംഭവം വിവരിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.