Fri. Nov 22nd, 2024
കാണ്‍പൂര്‍:

ഇന്ത്യ-ന്യൂസിലന്‍ഡ് കാണ്‍പൂര്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കിവീസ് അഞ്ചാം ദിനം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 125/4 എന്ന നിലയിലാണ്. നായകന്‍ കെയ്‌ന്‍ വില്യംസണ്‍ 24 റണ്‍സുമായി ക്രീസിലുണ്ട്. റോസ് ടെയ്‌ലറുടെ വിക്കറ്റ് വീണതോടെ ചായക്ക് പിരിയുകയായിരുന്നു. ആറ് വിക്കറ്റ് കയ്യിലിരിക്കേ കിവികള്‍ക്ക് ജയിക്കാന്‍ 159 റണ്‍സ് കൂടി വേണം. ടോം ലാഥം അര്‍ധ സെഞ്ചുറി നേടി.

ഒരു വിക്കറ്റിന് നാല് റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ് അഞ്ചാം ദിനം ബാറ്റിംഗാരംഭിച്ചത്. രണ്ട് റൺസുമായി ടോം ലാഥവും റൺസൊന്നും എടുക്കാതെ സോമർവില്ലുമായിരുന്നു ക്രീസിൽ. 13 പന്തില്‍ രണ്ട് റണ്‍സെടുത്ത വില്‍ യങ്ങിനെ രവിചന്ദ്ര അശ്വിന്‍ എല്‍ബിയില്‍ നാലാം ദിനം പിരിയുമ്പോള്‍ കുടുക്കിയിരുന്നു. ഒൻപത് വിക്കറ്റ് ശേഷിക്കേ ജയിക്കാൻ 280 റൺസ് തേടി അവസാന ദിവസം ഇറങ്ങിയ കിവികളെ ആദ്യ സെഷനില്‍ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ സ്‌കോര്‍ 79/1.

എന്നാല്‍ രണ്ടാം സെഷനിലെ ആദ്യ പന്തില്‍ സോമര്‍വില്ലിനെ പുറത്താക്കി ഉമേഷ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. സോമര്‍വില്ലും ലാഥമും ചേര്‍ന്നുള്ള 76 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇതോടെ അവസാനിച്ചത്. പിന്നാലെ ടോം ലാഥം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഒരിക്കല്‍ക്കൂടി അശ്വിന്‍റെ പന്ത് ഇന്ത്യക്ക് രക്ഷയ്‌ക്കെത്തി. 52 റണ്‍സുമായി ലാഥം ബൗള്‍ഡ്. കെയ്‌ന്‍ വില്യംസണിനൊപ്പം പ്രതിരോധിച്ച് കളിക്കാന്‍ ശ്രമിച്ച റോസ് ടെയ്‌ലറെ(2) ജഡേജ മടക്കിയതോടെ മത്സരം ചായക്ക് പിരിഞ്ഞു. ഇതോടെ അവസാന സെഷന്‍ ത്രില്ലറായി മാറും.