Fri. Apr 26th, 2024
ഫറോക്ക്:

സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ ഒരുങ്ങുന്ന ബേപ്പൂരിന് വിസ്മയക്കാഴ്ചയൊരുക്കാൻ ഒഴുകുന്ന ഹോട്ടലും മ്യൂസിയവും. അതും ബേപ്പൂരിന്റെ സ്വന്തം ഉരുവിൽ. നൂറ്റാണ്ടുകളായുള്ള ബേപ്പൂരിന്റെ ഉരുപ്പെരുമയ്ക്ക് മാറ്റേകുന്നതിനൊപ്പം ഇതിന്റെ ചരിത്രവും സംസ്കാരവും പഠിക്കുന്നതിനു കൂടി അവസരമൊരുക്കുന്ന നൂതന ആശയം മുന്നോട്ട് വയ്ക്കുന്നത് പ്രമുഖ ഉരു നിർമാതാക്കളായ ഹാജി പി ഐ അഹമ്മദ് കോയ കമ്പനിയാണ്.

സർക്കാർ തുണച്ചാൽ ചാലിയാറിൽ ഒഴുകുന്ന ഉരുവിൽ ഒരു ഫ്ലോട്ടിങ് റെസ്റ്റോറന്റും മ്യൂസിയവും സജ്ജമാക്കാനുള്ള സന്നദ്ധത കമ്പനി അറിയിച്ചു. ബേപ്പൂരിന്റെ മങ്ങിയ പ്രതാപം തിരിച്ചുപിടിക്കുന്നതിനു കൂടിയാണ് ഉരു ഉപയോഗിച്ചു തന്നെ സഞ്ചരിക്കുന്ന ഭക്ഷണശാലയും മ്യൂസിയവും ഒരുക്കാൻ ആഗ്രഹിക്കുന്നതെന്ന് കമ്പനി പ്രതിനിധി പി ഒ ഹാഷിം പറഞ്ഞു.

മൊറോക്കോ, ഖത്തർ, ദുബായ് തുടങ്ങിയ വിദേശ നാടുകളിൽ ബേപ്പൂരിൽ നിർമിച്ച ഉരു ഉപയോഗിച്ച് ഇവർ ഫ്ലോട്ടിങ് റെസ്റ്റോറന്റുകൾ ഒരുക്കിയിട്ടുണ്ട്‌. ഇവിടെ ഒരു പടികൂടി കടന്ന് ഉരു മ്യൂസിയവും സജ്ജമാക്കാനാണ് ഒരുങ്ങുന്നത്. നിലവിലെ ചാലിയം പട്ടർമാട് തുരുത്തിലെ ഉരുപ്പണിശാലയും ഇതോടനുബന്ധിച്ചുള്ള വിശാലമായ സ്ഥലവും ഇതിനായി ഉപയോഗപ്പെടുത്താനാകും.

ചാലിയാറിലെ ദൃശ്യഭംഗിയും ബേപ്പൂർ തീരത്തെ മനോഹാര കാഴ്ചകളുമെല്ലാം സഞ്ചാര നൗകയിലെ ഭക്ഷണ ശാലയ്ക്കും മ്യൂസിയത്തിനും മാറ്റേകും.
ബേപ്പൂരിന്റെ ഉരു വ്യവസായവും ഇതിന്റെ പഠനവും പ്രോത്സാഹിപ്പിക്കുമെന്ന്‌ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്‌ നേരിട്ടറിയിച്ചതോടെയാണ് പുത്തൻ ആശയത്തിന് അഹമ്മദ് കോയ കമ്പനിയ്ക്ക് പ്രോത്സാഹനമായത്.