Mon. Dec 23rd, 2024
പത്തനംതിട്ട:

ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് അസുഖം വന്നാൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഓഫ് റോഡ് റെസ്ക്യു വെഹിക്കിളാണ് ആശ്രയം. രോഗികളെ പമ്പയിലെത്തിക്കാൻ ദേവസ്വം ബോർഡിന്‍റെയും വനംവകുപ്പിന്‍റെയും രണ്ട് വാഹനങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഈ സീസണിൽ മാത്രം പതിനഞ്ചോളം ഹൃദ്രോഗികളാണ് എമർജൻസി റെസ്ക്യു വെഹിക്കിളിന്‍റെ സേവനം പ്രയോജനപ്പെടുത്തിയത്.

നാല് വർഷം മുന്‍പാണ് സന്നിധാനത്ത് ഈ ഓഫ്റോഡ് വാഹനം സേവനം ആരംഭിച്ചത്. ട്രാക്ടറിന് ഓടാനുള്ള ദുർഘടമായ പാതയിലൂടെ പരമാവധി 10 മിനിട്ടിനകം രോഗിയെ പമ്പയിൽ എത്തിക്കാം. കൊടും വളവും കുത്തനെയുളള കയറ്റവും ഇറക്കവും കഠിന പരീക്ഷണമാണ് .

മുൻകാലങ്ങളിൽ അയ്യപ്പസേവാസംഘം വളണ്ടിയർമാരാണ് ഹൃദ്രോഗികൾ അടക്കമുള്ളവരെ സ്ട്രെച്ചറിൽ ചുമന്ന് പമ്പയിൽ എത്തിച്ചിരുന്നത്. ഇതിന് 40 മിനിട്ട് വരെ സമയം വേണ്ടിവന്നിരുന്നു. പ്രവർത്തനം തുടങ്ങി നാല് വർഷത്തിനകം 1000ത്തിൽപരം പേരുടെ ജീവൻ രക്ഷിക്കാൻ ഈ വാഹനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.