Sat. Nov 23rd, 2024
അങ്ങാടി:

ജൈവ മാലിന്യം സംസ്കരിച്ചു വളമാക്കാൻ‌ തുമ്പൂർമൂഴി മാതൃകയിലുള്ള യൂണിറ്റുകൾ, വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നിന്ന് സംഭരിക്കുന്ന മാലിന്യങ്ങൾ‌ തരംതിരിക്കാൻ ഷെഡ്, കൂടാതെ പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരത്തുകളിൽ സിസിടിവി ക്യാമറകൾ. ഇതെല്ലാമുണ്ടായിട്ടും മാലിന്യ സംസ്കരണം നടക്കുന്നില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാനകാലത്ത് പേട്ട ചന്തയുടെ തരിശായി കിടക്കുന്ന സ്ഥലത്താണ് തുമ്പൂർമൂഴി മാതൃകയിലുള്ള യൂണിറ്റുകളും മാലിന്യം തരംതിരിക്കാൻ ഷെഡും പണിതത്.

പേട്ട ചന്ത, പഞ്ചായത്ത് ഓഫിസ്പടി, പേട്ട ജംക്‌ഷൻ‌, പുളിമുക്ക് പാലം എന്നിവിടങ്ങളിൽ പിന്നീട് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. തുമ്പൂർമൂഴി മാതൃകയിൽ യൂണിറ്റ് സ്ഥാപിച്ചതല്ലാതെ ഇതിൽ ജൈവ മാലിന്യം നിറച്ചില്ല. യൂണിറ്റുകൾ സ്ഥാപിച്ച ഷെഡ് പിന്നീട് തുറന്നിട്ടില്ല.

ഷെഡിനു ചുറ്റും പടൽ നിറഞ്ഞിരിക്കുന്നു. ഇതേ കാഴ്ചയാണ് മാലിന്യം തരംതിരിക്കാൻ നിർമിച്ച ഷെഡിലും. തുടക്കത്തിൽ കൊണ്ടിട്ട കുറെ മാലിന്യം ഇതിനുള്ളിൽ കിടപ്പുണ്ട്.

സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുള്ള പുളിമുക്ക് തോട്ടിൽ മാലിന്യം നിറയുകയാണ്. വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ചെറുകിട ലോഡ്ജുകൾ‌ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമാണ് തോട്ടിൽ കിടക്കുന്നത്. ക്യാമറ പരിശോധിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിയെടുക്കാൻ ഭരണസമിതി ഇതുവരെ തയാറായിട്ടില്ല. ഇതുമൂലം തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ അഴുകിയ ഭക്ഷണ സാധനങ്ങൾ വരെ ഒഴുകി പമ്പാനദിയിൽ എത്തുന്നു.