എടത്വ:
വെള്ളപ്പൊക്ക ദുരിതം ആവർത്തിക്കുന്ന കുട്ടനാട്ടിൽ ആഫ്രിക്കൻ ഒച്ച് ശല്യവും വ്യാപകമാകുന്നെന്നു പരാതി. അപ്പർ കുട്ടനാടൻ മേഖലയിലാണ് ഒച്ചുകളെ കൂടുതലായി കാണുന്നത്. വീടുകൾക്കുള്ളിൽ പോലും ഒച്ചുകൾ എത്തുന്നു.
തെങ്ങുകളിലും വാഴകളിലുമെല്ലാം തമ്പടിക്കുന്നു. പലരും ഉപ്പിട്ട് ഇവയെ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
കോട്ടയം, ആലപ്പുഴ ജില്ലകളിൽ പലയിടത്തും വ്യാപക നാശം വിതച്ച ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം തോട്ടപ്പള്ളി നാലുചിറ, കൊട്ടാരവളവ്, കരുവാറ്റ വടക്ക്, ചെറുതന പാണ്ടി, വീയപുരം, തലവടി തുടങ്ങി വെള്ളം കെട്ടിക്കിടന്ന പ്രദേശങ്ങളിലാണു കാണുന്നത്.
വെള്ളപ്പൊക്കത്തെ അതിജീവിച്ച പച്ചക്കറി കൃഷിയിടങ്ങളിലാണ് കൂടുതൽ ശല്യം. പമ്പ, അച്ചൻകോവിൽ നദികളുടെ സമീപപ്രദേശങ്ങളിലും ഇവയുടെ കൈവഴിയായ കൊരംകുഴി, കരിയാർ, പുത്തൻതോട് തുടങ്ങിയ ജലസ്രോതസ്സുകളുടെ സമീപത്തുള്ള പല കൃഷിയിടങ്ങളിലും ഒച്ചിന്റെ സാന്നിധ്യം വ്യാപകമായിട്ടുണ്ട്.