Sat. Nov 23rd, 2024
ഗ്വാളിയോർ:

ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും ഇന്ത്യയി​ല്ലാതെ ഹിന്ദുക്കളിലെന്നും രാഷ്​ട്രീയ സ്വയംസേവക്​ സംഘ്​ (ആർ എസ്​ എസ്​) തലവൻ മോഹൻ ഭഗവത്​. ഇന്ത്യയെയും ഹിന്ദുക്കളെയും വേർപ്പടുത്താൻ സാധിക്കില്ലെന്നും ഭാഗവത്​ പറഞ്ഞു.

മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന പരിപാടിക്കിടെയാണ്​ ആർ എസ്​ എസ്​ തലവന്‍റെ വർഗീയ പരാമർശം. ‘ഇന്ത്യ ഒറ്റക്ക്​ നിൽക്കുന്നു. അതാണ്​ ഹിന്ദുത്വത്തിന്‍റെ സത്ത. അക്കാരണത്താൽ തന്നെ ഇന്ത്യ ഹിന്ദുക്കളുടെ രാഷ്​ട്രമാണ്​’ -ഭാഗവത്​ പറഞ്ഞു.

വിഭജനത്തിൽ ഇന്ത്യയെ ശിഥിലമാക്കി പാകിസ്​താൻ രൂപീകരിച്ചു. ഹിന്ദുക്കളാണെന്ന ധാരണ മറന്നതുകൊണ്ടാണ്​ അങ്ങനെ സംഭവിച്ചത്​. അവിടത്തെ മുസ്​ലിംകളും ഇത്​ മറന്നു. ആദ്യം ഹിന്ദുവെന്ന്​ കരുതുന്നവരുടെ ശക്തി കുറഞ്ഞു. പിന്നീട്​ അവരുടെ എണ്ണവും. അതിനാൽ പാകിസ്​താൻ ഇന്ത്യയായില്ല’ -എന്നായിരുന്നു മോഹൻ ഭാഗവതിന്‍റെ പരാമർശം.

ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഭാഗവത്​ പറഞ്ഞു. ഹിന്ദുക്കളുടെയും എണ്ണവും ശക്തിയും കുറഞ്ഞു. അല്ലെങ്കിൽ ഹിന്ദുത്വ വികാരം കുറഞ്ഞുവെന്നതും നിങ്ങൾക്ക്​ കാണാം. ഹിന്ദുക്കൾക്ക്​ ഹിന്ദുവായി തുടരണമെങ്കിൽ ഭാരതം ‘അഖണ്ഡ’മാകണം -ഭാഗവത്​ കൂട്ടിച്ചേർത്തു.

നേരത്തെയും സമാന വർഗീയ പരാമർശങ്ങളുമായി ആർ എസ്​ എസ്​ നേതാവ്​ രംഗത്തെത്തിയിരുന്നു. ‘വിഭജന സമയത്ത്​ ഇന്ത്യ അനുഭവിച്ച ദുരിതങ്ങൾ മറക്കാൻ പാടില്ല. ഇന്ത്യയുടെ വിഭജനം പിൻവലിക്കുമ്പോൾ അത്​ ഇല്ലാതാകും’ -എന്നായിരുന്നു പരാമ​ർശം.