Thu. Apr 25th, 2024
ആലപ്പുഴ:

ആളെ വീഴ്ത്തുന്ന പടുകുഴികൾ പലതും അടയ്ക്കാൻ ഇനിയും സമയമായില്ല. പൈപ്പ് പൊട്ടിയുണ്ടായ കുഴികളിൽ ചിലത് അടയ്ക്കാത്തതിന് ഉദ്യോഗസ്ഥർ തൊടുന്യായങ്ങള്‍ കണ്ടെത്തുമ്പോൾ കുഴികൾ വളരുകയാണ്. അമ്പലപ്പുഴയിൽ കുഴിയിൽ വീണു പരുക്കേറ്റയാൾ മരിക്കേണ്ടി വന്നു, മാസങ്ങളായി യാത്രക്കാരെ വെല്ലുവിളിച്ച കുഴിയടയ്ക്കാൻ.

വെള്ളിയാഴ്ച പുന്നമടയിൽ ഒരാളെ വീഴ്ത്തിയ ശേഷം കുഴി മൂടി. ആരും ഇതുവരെ ‘കാര്യമായി’ വീഴാത്തതുകൊണ്ടാവും എടത്വയിലും മാവേലിക്കരയിലും കുഴിയടയ്ക്കാൻ മുഹൂർത്തമാകാത്തത്. നാട്ടുകാരുടെ ആവർത്തിച്ചുള്ള പരാതിയിൽ തുടങ്ങി, മന്ത്രിമാർ വരെ ഇടപെട്ടിട്ടും കർശന നിർദേശം നൽകിയിട്ടും കുഴിയടയ്ക്കാൻ ബന്ധപ്പെട്ടവർക്കു മനസ്സു വരുന്നില്ല.

അമ്പലപ്പുഴ – തിരുവല്ല റോഡിൽ ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽനിന്ന് 500 മീറ്റർ മാത്രം അകലെ ലയൺസ് ക്ലബ്ബിനു സമീപം പൈപ്പ് പൊട്ടി ചെറിയൊരു കുഴിയുണ്ടായി. ഇപ്പോൾ അതു പല കുഴികളായി പെരുകിയിരിക്കുന്നു. ദിവസവും ഒരു വാഹനമെങ്കിലും അവയിൽ വീഴുന്നു. കുഴിയടയ്ക്കുന്നില്ല, മുന്നറിയിപ്പു ബോർഡ് പോലും വച്ചിട്ടുമില്ല.

കുഴികളിൽനിന്ന് ഒഴിഞ്ഞു പോകാൻ ശ്രമിക്കുന്ന വാഹനയാത്രക്കാർ എതിരെ എത്തുന്ന വാഹനത്തിൽ ഇടിക്കുന്ന സംഭവങ്ങളും പല തവണയുണ്ടായി. അതിന്റെ പേരിൽ യാത്രക്കാർ തമ്മിൽ തർക്കമുണ്ടാകുന്നു. നാട്ടുകാർ പരാതിപ്പെട്ടു മടുത്തു. കഴിഞ്ഞ ദിവസം കുഴിയടയ്ക്കാൻ കരാറുകാർ എത്തിയെങ്കിലും എന്തോ തടസ്സം പറഞ്ഞു തിരിച്ചുപോയി.