Fri. Nov 22nd, 2024
പാലക്കാട്:

ആട്ടപ്പാടി ഊരുകളിൽ നിന്ന് രോഗബാധിതരാകുന്നവർ ആദ്യം ചികിത്സക്കായി ഓടിയെത്തുന്നത് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ്. വലിയ പ്രഖ്യാപനത്തോടെ 100 കിടക്കകൾ എന്ന നേട്ടം കൈവരിച്ച ആശുപത്രിയിൽ ഇപ്പോഴും ഒരു അടിയന്തര സാഹചര്യമുണ്ടായാൽ രോഗികളെ ചുരമിറക്കി വിടേണ്ട അവസ്ഥയാണ്. ഡോക്ടർമാരുടെ കുറവ് മൂലം പലപ്പോഴും രോഗികളുടെ വിലപ്പെട്ട സമയമാണ് നഷ്ടമാകുന്നതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

2007ലെ സ്റ്റാഫ് പാറ്റേൺ തന്നെ ഇപ്പോഴും തുടരുന്ന കോട്ടത്തറയിൽ പക്ഷേ രോഗികളുടെ എണ്ണം പഴയ പോലെയല്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അട്ടപ്പാടിയിൽ മരിച്ച കുഞ്ഞുങ്ങളുടെ കൊല്ലം തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ പല ജീവനുകളും പൊലിഞ്ഞത് കോട്ടത്തറയിൽ റഫർ ചെയ്ത ശേഷമുള്ള യാത്രക്കിടെയാണ്. സീനിയർ ഡോക്ടർമാരുടെ ഒഴിവ് നികത്താതെ മതിയായ ചികിത്സ നൽകാനാകില്ലെന്നാണ് അട്ടപ്പാടി ട്രൈബൽ ഹെൽത്ത് നോഡൽ ഓഫീസറും ഹോസ്പിറ്റൽ സൂപ്രണ്ടുമായ ആർ പ്രഭുദാസ് പറയുന്നു.

മതിയായ ജീവനക്കാരുടെ സേവനം ഉണ്ടായിരുന്നെങ്കിൽ പിടിച്ചു നിർത്താനാകുമായിരുന്ന ജീവനുകളുമുണ്ട്. ചുരമുറങ്ങി അടുത്ത ആശുപത്രി പിടിക്കുമ്പോഴേക്കും രോഗികളുടെ നില വഷളാകും. മെഡിക്കൽ കോളജിൽ എത്താൻ 3 മണിക്കൂർ സമയം എടുക്കുമെന്നും പലപ്പോഴും കുട്ടിയുടെ ജീവൻ എങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നു എന്നും ആർ പ്രഭുദാസ് കൂട്ടിച്ചേർത്തു.

സ്കാനിംഗ് മെഷീൻ ഉണ്ടായിട്ടും സോണോളജിസ്റ്റിൻ്റെ സേവനമില്ലാത്തതും ഭാരക്കുറവുള്ള കുട്ടികൾക്ക് പരിചരണം നൽകാൻ സൗകര്യമില്ലാത്തതും വെൻറിലേറ്റർ ആമ്പുലൻസ് സ്വന്തമായി ഇല്ലാത്തതൊക്കെ പാവങ്ങൾ ആശ്രയിക്കുന്ന ഈ ആധുര കേന്ദ്രത്തിൻ്റെ പോരായ്മകളാണ്.