Fri. Nov 22nd, 2024
ശ്രീകണ്ഠപുരം:

നിരോധത്തെ തുടർന്ന്‌ ചെങ്കൽ പണകൾ അടച്ചതോടെ പണിയില്ലാതെ തൊഴിലാഴികൾ. പണകളിലെ പന്ത്രണ്ടായിരത്തോളം തൊഴിലാളികൾക്ക്‌ മാത്രമല്ല, ലോറി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതവും വഴിമുട്ടി. പണകൾ തുറക്കുന്നത്‌ വൈകിയാൽ നിർമാണ മേഖലയും പ്രതിസന്ധിയിലാവും.

കൊവിഡിൽനിന്ന്‌ അൽപം മുക്തിനേടിയശേഷം ജീവിതം തിരിച്ചുപിടിക്കുവാനുള്ള ശ്രമത്തിനിടെയാണ്‌ ചെങ്കൽ പണകളിൽ പണി നിലച്ചത്‌. 19 ദിവസം പിന്നിട്ട ചെങ്കൽ -ക്വാറി വ്യവസായി അസോസിയേഷന്റെ അനിശ്ചിതകാല സമരം കാരണം ഊരത്തൂർ, കല്യാട്, പടിയൂർ പ്രദേശങ്ങളിൽ നേരത്തെ പണി നടക്കുന്നില്ല. റവന്യൂ-പൊലീസ് അധികൃതർ അനാവശ്യമായി പിഴ ഈടാക്കുന്നുവെന്നും ഖനനം തടസ്സപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് സമരം തുടങ്ങിയത്.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ജില്ലയിൽ മലയോര മേഖലയിലടക്കം പ്രവർത്തിക്കുന്ന ചെങ്കൽ, കരിങ്കൽ ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്‌ക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശവും എത്തിയത്. ഇത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. ചെങ്കൽ മേഖല സജീവമാകുന്നതിനിടെയുള്ള സമരം തൊഴിലാളികളെയും അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവർക്കും പ്രതിസന്ധിയായി.

കല്യാട്, ഊരത്തൂർ, ബ്ലാത്തൂർ, മലപ്പട്ടം, കൊളത്തൂർ, ചെങ്ങളായി, ചേപ്പറമ്പ്, എടക്കളം, ചുണ്ടക്കുന്ന്, കക്കണ്ണൻപാറ, ഏറ്റുപാറ, ചുഴലി, കേളകം തുടങ്ങി ജില്ലയിലെ പ്രധാന ചെങ്കൽ മേഖലകളെല്ലാം നിശ്ചലമായി. ജില്ലയിൽ അറുനൂറിലധികം ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്‌. സമരം തുടങ്ങിയതോടെ അതിഥി തൊഴിലാളികളടക്കമുള്ളവർക്ക് പണിയില്ലാതായി.