Sun. Dec 22nd, 2024

തന്‍റെ ഏറ്റവും പുതിയ മലയാള ചിത്രം പ്രഖ്യാപിച്ച് നടൻ നിവിൻ പോളി. ‘ശേഖര വർമ്മ രാജാവ്​’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹറാണ്. ഇഷ്കിന് ശേഷം അനുരാജ് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ്. എസ് രഞ്ജിത്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും.

നിവിൻ്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ തുറമുഖവും പടവെട്ടുമാണ്​. രാജീവ്​ രവി സംവിധാനം ചെയ്യുന്ന തുറമുഖം അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്​.

ഈ സംഭവത്തെ ആസ്പദമാക്കി കെ എം ചിദംബരം രചിച്ച നാടകത്തെ ഉപജീവിച്ച് അദ്ദേഹത്തിന്‍റെ മകനും നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

നിമിഷ സജയൻ, ഇന്ദ്രജിത്ത്​ സുകുമാരൻ, ജോജു ജോർജ്​, അർജുൻ അശോകൻ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്​. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനാകുന്ന ചിത്രമാണ് പടവെട്ട്.