മലപ്പുറം:
ജനുവരി മുതൽ ഇതുവരെ ജില്ലയിൽ എക്സൈസും പൊലീസും ചേർന്നു പിടിച്ചത് 1344.4 കിലോഗ്രാം കഞ്ചാവ്. അറസ്റ്റിലായത് എഴുന്നൂറ്റൻപതിലധികം പേർ. കഞ്ചാവു മാത്രമല്ല, എംഡിഎംഎ ഉൾപ്പെടെയുള്ള രാസ ലഹരി വസ്തുക്കളും വ്യാപകമായി ജില്ലയിൽനിന്നു പിടിക്കപ്പെട്ടിട്ടുണ്ട്.
മൂന്നു കോടി രൂപയിലധികം വില വരുന്ന 311 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചതു കഴിഞ്ഞദിവസമാണ്. മുൻപ് ഒന്നോ രണ്ടോ കിലോ പിടിച്ചിരുന്ന സ്ഥാനത്ത് ഇന്നു നൂറിലേറെ കിലോഗ്രാം കഞ്ചാവാണ് ജില്ലയിലെ പല ലഹരിവേട്ടകളിലും കണ്ടെടുക്കപ്പെടുന്നത്.
വരുന്നതിന്റെ വളരെക്കുറച്ച് അളവു മാത്രമേ പിടിക്കപ്പെടുന്നുള്ളൂ എന്നതു കൂടി പരിഗണിക്കുമ്പോൾ ജില്ലയിലെ ലഹരി വിപണിയുടെ വിസ്തൃതി ഊഹിക്കാവുന്നതിലും അപ്പുറത്തേക്കു വളരുന്നു.
11 മാസത്തിനുള്ളിൽ എക്സൈസ് മാത്രം 917.55 കിലോഗ്രാം കഞ്ചാവു പിടിച്ചെടുത്തു. അടുത്ത കാലത്ത് എക്സൈസ് വകുപ്പ് പിടിച്ചെടുത്തതിൽ ഏറ്റവും കൂടിയ അളവാണിത്. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന ഒരു പ്രധാനകാര്യം പിടിച്ചെടുത്ത ലഹരി വസ്തുക്കളെല്ലാം ജില്ലയിൽ മാത്രം വിറ്റഴിക്കാനുള്ളതല്ലെന്നാണ്. മറ്റു ജില്ലകളിലേക്കുവരെ ലഹരിയെത്തിക്കുന്ന റാക്കറ്റുകൾ സജീവമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ആന്ധ്രയുൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന ലഹരി വസ്തുക്കൾക്ക് കേരളത്തിലെത്തുമ്പോൾ പൊന്നുംവില കിട്ടും. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള കുറുക്കുവഴിയായി ലഹരി വിൽപന മാറിയതോടെ ഉപയോക്താവ് എന്നതിൽനിന്ന് വ്യാപാരത്തിലേക്ക് പല യുവാക്കളും കടന്നു. പണം കടം വാങ്ങിയും വാടകയ്ക്കു വണ്ടിയെടുത്തും അതിർത്തി കടക്കുന്ന സംഘങ്ങൾ തിരിച്ചുവരുന്നവഴി പിടിയിലായ സംഭവങ്ങൾ അടുത്തയിടെ തന്നെ ഒട്ടേറെയുണ്ടായിട്ടുണ്ട്. കഞ്ചാവ്, ഹഷീഷ്, എംഡിഎംഎ, ബ്രൗൺ ഷുഗർ എന്നിങ്ങനെ ഏതു ലഹരിയും ഇപ്പോൾ നാട്ടിൽ സുലഭം.