Wed. Jan 22nd, 2025
ഡൽഹി:

എയർസെൽ മാക്സിസ് കേസില്‍ പി ചിദംബരത്തോടും മകൻ കാർത്തി ചിംബരത്തോടും നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട് ദില്ലി കോടതി. ഡിസംബർ 10ന് ഹാജരാകാനാണ് ഉത്തരവ്. ദില്ലി റോസ് അവന്യു കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സമര്‍പ്പിച്ച കേസിലാണ് കോടതി ഉത്തരവ്. തിങ്കഴാഴ്ച കോടതി കേസ് പരിഗണിക്കും. കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍ ഗൌരവ സ്വഭാവമുള്ളതാണെന്ന നിരീക്ഷണത്തോടെയാണ് കോടതി തീരുമാനം.

മാക്സിസിന്‍റെ അനുബന്ധ സ്ഥാപനമായ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് സർവീസസ് ഹോൾഡിങ്സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോർഡിന്‍റെ അനുമതി ലഭിക്കാൻ, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്.

600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നൽകാൻ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതിൽക്കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നൽകേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നൽകിയതെന്നാണ് കേസിലെ ആരോപണം.