Mon. Dec 23rd, 2024

ഒരിടവേളയ്ക്കു ശേഷം മാസ് അപ്പീല്‍ ഉള്ള നായകനായി സുരേഷ് ഗോപി ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് കാവല്‍. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്‍ത കാവല്‍ ഈ വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തിയത്.

സുരേഷ് ഗോപി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

“നന്ദി!! തിയറ്ററുകൾക്ക് കാവലായതിന്..നമ്മുടെ സിനിമയ്ക്ക് കാവലായതിന്..എനിക്ക് കാവലായതിന്..”, ചിത്രത്തിലെ തന്‍റെ ഒരു സ്റ്റില്ലിനൊപ്പം സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. ഒടിടിയില്‍ നിന്ന് മികച്ച ഓഫര്‍ വന്നിട്ടും അത് സ്വീകരിക്കാതെ തിയറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയായിരുന്നെന്ന് ജോബി ജോര്‍ജ് പറഞ്ഞിരുന്നു.