കാക്കനാട്:
കുണ്ടുംകുഴികളും താണ്ടി വാഹനമോടിച്ച് എത്തിയ യാത്രക്കാർക്ക് ഹാരമണിയിച്ചും തക്കാളി സമ്മാനമായി നൽകിയും പ്രതിഷേധം. തകർന്നുതരിപ്പണമായ ഇൻഫോപാർക്ക് റോഡ് പൊതുമരാമത്ത് അധികൃതർ നന്നാക്കാത്തതിലുള്ള പ്രതിഷേധമാണ് എസ് ടി യു തൊഴിലാളികളും പൊതുപ്രവർത്തകരും ചേർന്ന് യാത്രക്കാരെ ആദരിക്കൽ ചടങ്ങാക്കി മാറ്റിയത്. കുഴിക്കാട്ടുമൂല ജങ്ഷനിൽ നടത്തിയ പ്രതീകാത്മക പ്രതിഷേധത്തോട് യാത്രക്കാരും സഹകരിച്ചു.
വാഹനങ്ങൾ നിർത്തി ഹാരവും തക്കാളിയും ഏറ്റുവാങ്ങിയ യാത്രക്കാരിൽ ചിലർ വാഹനം ഒതുക്കി പുതിയ സമരമുറക്ക് പിന്തുണയുമായി ഒപ്പംചേർന്നു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി പി എം മാഹിൻകുട്ടി, എസ്ടി യു ജില്ല കൗൺസിൽ അംഗങ്ങളായ എ എം അബ്ദുൽ ഖാദർ, കെ എ ഹസൈനാർ, അസ്ലം കുന്നപ്പിള്ളി, മേഖല സെക്രട്ടറി ഇ ബി സലാം, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി സി കെ റിയാസ്, പി എസ് അബ്ദുൽഖാദർ, കെ എസ് നിഷാദ്, എം പി സുരേന്ദ്രൻ, കെ എം സാദിഖ്, ഇ എ അജ്മൽ, ഇ എസ് ബഷീർ, എഎസ് ആഷിഖ്, അൻസാർ ചിറ്റേത്തുകര തുടങ്ങിയവർ നേതൃത്വം നൽകി.