Tue. Dec 24th, 2024
സാവോ പോളോ (ബ്രസീൽ):

രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഉന്നതരെ കൈക്കൂലി നൽകി സ്വാധീനിച്ച് വോട്ടു വാങ്ങി റിയോ ഡി ജനീറോ 2016 ലെ ഒളിംപിക്സ് വേദിയാക്കിയതിന് ബ്രസീൽ ഒളിംപിക് കമ്മിറ്റി തലവൻ കാർലോസ് ആർതർ നുസ്മാന് കോടതി 30 വർഷം ജയിൽ ശിക്ഷ വിധിച്ചു.

റിയോ ഒളിംപിക്സ് സംഘാടക സമിതിയുടെ തലവനും നുസ്മാൻ ആയിരുന്നു. അപ്പീലിൽ തീർപ്പാകുന്നതു വരെ അദ്ദേഹത്തെ ജയിലിൽ അടയ്ക്കില്ല. അഴിമതി, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്.

കുറ്റകൃത്യങ്ങളിൽ നുസ്മാന്റെ കൂട്ടാളികളായിരുന്ന റിയോയിലെ മുൻ ഗവർണർ സെർജിയോ കബ്രാൽ, വ്യവസായി ആർതർ സോറസ്, റിയോ ഒളിംപിക്സ് സമിതിയുടെ പ്രവർത്തക സമിതി തലവൻ ലിയനാർദോ ഗ്രൈനർ എന്നിവർക്കും ജയിൽശിക്ഷ വിധിച്ചിട്ടുണ്ട്.

അത്‍ലിറ്റിക് ഫെഡറേഷനുകളുടെ രാജ്യാന്തര അസോസിയേഷൻ മുൻ പ്രസിഡന്റ് ലമൈൻ ഡയാക്, മകൻ പാപ്പ ഡയാക് എന്നിവർക്ക് നുസ്മാൻ കൈക്കൂലി നൽകിയത് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 6 വോട്ടുകൾക്കായി 20 ലക്ഷം ഡോളർ (14.8 കോടി രൂപ) കൈക്കൂലി നൽകിയത് സോറസിൽ നിന്നു കടം വാങ്ങിയാണെന്നും തെളിഞ്ഞു. ഐഒസി അംഗങ്ങളുടെ 3 വോട്ടു കൂടി ലഭിക്കുന്നതിന് ഡയാക്കിന്റെ മകന് കബ്രാൽ 5 ലക്ഷം ഡോളർ (3.7 കോടി രൂപ) നൽകിയതായും കണ്ടെത്തി.