Wed. Apr 24th, 2024
ജനീവ:

ഇന്‍റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദ റെഡ്ക്രോസിന്‍റെ പുതിയ പ്രസിഡന്‍റായി സ്വിറ്റ്സര്‍ലാന്‍ഡിലെ ഉന്നത നയതന്ത്രജ്ഞയായ മിര്‍ജാന സ്പോല്‍ജാറിക് എഗറിനെ തെരഞ്ഞെടുത്തു. റെഡ്ക്രോസിന്‍റെ 160 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത സംഘടനയുടെ തലപ്പത്തെത്തുന്നത്.

നിലവിലെ റെഡ്ക്രോസ് പ്രസിഡന്‍റ് പീറ്റര്‍ മോറര്‍ അടുത്ത വര്‍ഷം സെപ്തംബറിലാണ് സ്ഥാനമൊഴിയുന്നത്. ഒക്ടോബര്‍ 1ന് എഗര്‍ സ്ഥാനമേല്‍ക്കും. നാല് വര്‍ഷമാണ് കാലാവധി. “അടിച്ചമര്‍ത്തപ്പെട്ടും അവഗണിക്കപ്പെട്ടും കഴിയുന്ന വിഭാഗത്തെ സഹായിക്കുന്നതിന് സംഘടന കെട്ടിപ്പടുത്തിരിക്കുന്ന മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളാന്‍ താൻ കഠിനമായി പരിശ്രമിക്കുമെന്ന്” എഗര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. എഗര്‍ മികച്ച ഒരു നേതാവായിരിക്കുമെന്ന് പീറ്റര്‍ മോറര്‍ പറഞ്ഞു.

എഗര്‍ നിലവിൽ യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്‍റ് പ്രോഗ്രാമിന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറി ജനറലും അസിസ്റ്റന്‍റ്. അഡ്മിനിസ്ട്രേറ്ററുമാണ്. യൂറോപ്പ്, കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്‍റ് സ്‌റ്റേറ്റ്‌സ് എന്നിവയുടെ യുഎൻഡിപി റീജിയണൽ ബ്യൂറോയുടെ ചുമതല കൂടി എഗര്‍ വഹിക്കുന്നുണ്ട്.