ഡൽഹി:
ടെക് ലോകത്ത് 5ജിയെ കുറിച്ചുള്ള ചർച്ച കൊഴുക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് ഇന്ത്യയിൽ അത് പ്രായോഗികമായി കാണാൻ ഇനിയുമൊരുപാട് കാലമെടുത്തേക്കും. അതിനിടെ രാജ്യത്ത് 6ജി സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്.
2023 അവസാനത്തേക്കോ 2024 തുടക്കത്തിലോ രാജ്യത്ത് 6ജി അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് മന്ത്രി ഒരു ഓൺലൈൻ വെബിനാറിലൂടെ അറിയിച്ചത്. എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും ഇതിനകം 6G സാങ്കേതികവിദ്യയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ എക്സ്പ്രസും ഫിനാൻഷ്യൽ എക്സ്പ്രസും ചേർന്നാണ് വെബിനാർ സംഘടിപ്പിക്കുന്നത്.
“6ജി സാങ്കേതികവിദ്യ വികസിപ്പിക്കൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. അത് 2024 അല്ലെങ്കിൽ 2023-അവസാനമോ ആയി സംഭവിച്ചേക്കാം. ആ ദിശയിലേക്കാണ് നാം പോയിക്കൊണ്ടിരിക്കുന്നത്. നെറ്റ്‌വർക്കുകൾ പ്രവർത്തിപ്പിക്കുന്നതിനായി ഞങ്ങൾക്ക് ഇന്ത്യയിൽ രൂപകൽപ്പന ചെയ്‌ത ടെലികോം സോഫ്‌റ്റ്‌വെയറുകളും ഇന്ത്യയിൽ നിർമിച്ച ടെലികോം ഉപകരണങ്ങളുമുണ്ടായിരിക്കും. ആഗോളതലത്തിൽ എത്തിക്കാൻ കഴിയുന്ന ടെലികോം നെറ്റ്‌വർക്കുകൾ ആയിരിക്കും നമ്മുടേത്.
6G നെറ്റ്‌വർക്ക് സാങ്കേതികവിദ്യയെക്കുറിച്ച് ധീരമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് പുറമെ, 2022-ന്റെ മൂന്നാം പാദത്തോടെ സ്വദേശീയമായ 5G അവതരിപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നുവെന്നും സൂചന നൽകിയിട്ടുണ്ട്. 5G സ്പെക്‌ട്രം ലേലവും 2022 രണ്ടാം പാദത്തിൽ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു.