തലശ്ശേരി:
മലയോരങ്ങളിൽനിന്നടക്കമുളള പാവപ്പെട്ട രോഗികൾ ഏറെ ആശ്രയിക്കുന്ന തലശ്ശേരി ജനറൽ ആശുപത്രിയിൽ ആധുനിക ചികിത്സ അപ്രാപ്യം. ചികിത്സാസംവിധാനം മുമ്പത്തേക്കാൾ കുറെയൊക്കെ മെച്ചപ്പെട്ടെങ്കിലും വൃക്ക -ഹൃദയസംബന്ധമായ രോഗമുള്ള സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു. നിർധന രോഗികൾക്ക് സ്പെഷാലിറ്റി ചികിത്സക്ക് കൂടുതൽ പരിഗണന നൽകുന്ന കാര്യത്തിൽ ആരോഗ്യ വകുപ്പും മുഖംതിരിക്കുകയാണ്.
അത്യാധുനിക ഡയാലിസിസ് യൂനിറ്റുണ്ടെങ്കിലും നെഫ്രോളജി വിഭാഗത്തിൽ ആഴ്ചയിൽ ഒരു ദിവസമേ ഡോക്ടറുള്ളൂ. വൃക്കരോഗത്തിന് ചികിത്സ തേടിയെത്തുന്നവർ നിരവധിയാണ്. കാർഡിയോളജി, ന്യൂറോ വിഭാഗത്തിലും ഡോക്ടർമാരില്ല.
തലശ്ശേരി താലൂക്കിലെ നൂറുകണക്കിന് പാവപ്പെട്ട രോഗികൾക്ക് അഭയമാകേണ്ട ആതുരാലയമാണ് ജനറൽ ആശുപത്രി. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് സന്നദ്ധസംഘടനകൾ ആശുപത്രിയുമായി കൈകോർത്ത് നിരവധി വികസനപ്രവൃത്തികൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, സ്പെഷാലിറ്റി ചികിത്സാസൗകര്യം കാര്യക്ഷമമായി നടപ്പാക്കുന്നതിന് ജനപ്രതിനിധികളുടെ ഇടപെടൽ വേണ്ടപോലെ ഉണ്ടാവുന്നില്ലെന്നാണ് രോഗികളുടെ പരാതി.
ആശുപത്രിയിൽ അത്യാധുനിക ചികിത്സ ഉപകരണങ്ങൾ പലതുമില്ല. അൾട്രാസൗണ്ട്, സി ടി സ്കാൻ സൗകര്യമില്ല. യന്ത്രമുണ്ടെങ്കിലും പരിശോധനക്ക് ഡോക്ടർമാരില്ല.
രാത്രികാലങ്ങളിൽ എക്സ്റേ വിഭാഗവും പ്രവർത്തിക്കുന്നില്ല. രാത്രിയിൽ അപകടത്തിൽപെടുന്നവർ ചികിത്സക്കായി എത്തിയാൽ വലഞ്ഞതുതന്നെ. കൊവിഡ് പശ്ചാത്തലത്തിൽ ആശുപത്രിയിലെ അത്യാഹിതവിഭാഗം മറ്റൊരിടത്തേക്ക് മാറ്റിയതും രോഗികൾക്ക് പ്രയാസമുണ്ടാക്കുന്നു. കൊവിഡ് തീവ്രത കുറഞ്ഞെങ്കിലും ആശുപത്രിയിലെ നിലവിലുള്ള ക്രമീകരണങ്ങൾ മാറ്റാൻ അധികൃതർ തയാറായിട്ടില്ല.