Fri. Apr 19th, 2024
വടകര:

പുഴുവരിച്ച് ദുർഗന്ധം വമിച്ച മത്സ്യവുമായി ദേശീയപാതയിലൂടെ വന്ന വാൻ പുതിയ ബസ് സ്റ്റാൻഡിനു സമീപം നാട്ടുകാർ തടഞ്ഞു. നീണ്ടകര സീ ഫ്രഷ് ഫിഷ് കമ്പനിയുടെ വാനാണ് തടഞ്ഞിട്ടത്. പയ്യോളിയിൽ ഗതാഗതക്കുരുക്കിൽ പെട്ട വാനിൽ നിന്നു ദുർഗന്ധം ഉയരുകയും രക്തം കലർന്ന അഴുക്കു വെള്ളം പുറത്തൊഴുകുകയും ചെയ്തതോടെ വടകരയിൽ വണ്ടി തടയുകയായിരുന്നു.

കോഴിക്കോട് മാർക്കറ്റിൽ നിന്നു ശേഖരിച്ച മീനുകൾ മംഗളൂരുവിലെ വളം നിർമാണ സ്ഥലത്തേക്ക് കൊണ്ടു പോകുന്നുവെന്നാണ് വാനിലുള്ളവർ പറയുന്നത്. വാഹനത്തിൽ രേഖകളൊന്നുമില്ലായിരുന്നു.  മാലിന്യം കൊണ്ടു പോകുമ്പോൾ പാലിക്കേണ്ട മാനദണ്ഡം സ്വീകരിക്കാതെയുമായിരുന്നു യാത്ര.

ഡ്രൈവർക്ക് ലൈസൻസുമില്ലായിരുന്നു.നഗരസഭ ആരോഗ്യ വിഭാഗം അധികൃതരും പൊലീസും എത്തി വാഹനം കസ്റ്റഡിയിലെടുത്തു. വാഹന ഉടമയിൽ നിന്നു പിഴ ഈടാക്കും. മൽസ്യം കോട്ടക്കടവിലെ ഒഴിഞ്ഞ സ്ഥലത്ത് ശാസ്ത്രീയമായി സംസ്കരിച്ചു.