Thu. Jan 23rd, 2025
മുന്നാട്:

ശരീരത്തിന്റെ ഒരു വശം പക്ഷാഘാതം വന്ന് തളർന്നിട്ടും തയ്യൽ ജോലി ചെയ്ത് ജീവിതത്തോട് പോരാടുകയാണ് മുന്നാട്ടെ സി ദാമോദരൻ.
ഒരു കെെയിൽ ഊന്നുവടിയും മറ്റേ കൈയിൽ ഉച്ചഭക്ഷണവും വെള്ളവുമുള്ള സഞ്ചിയും തൂക്കി ദിവസവും കടയിലേക്കെത്തുന്ന ദാമോദരൻ മുന്നാട്ടുകാർക്ക് സുപരിചിതനാണ്. മുന്നാട് പൊലീസ് സ്റ്റേഷന് സമീപം അടുക്കത്ത്, സർക്കാരിന്റെ  ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്ടിലാണ് താമസം.

2009ലാണ് ഗൾഫിൽ ജോലി ചെയ്യവേ രക്തസമ്മർദ്ദം കൂടി പക്ഷാഘാതം ബാധിച്ച് ശരീരത്തിന്റെ ഒരു വശം തളരുന്നത്. സംസാര ശേഷി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. നാട്ടിലെത്തി ഉഡുപ്പിയിലും കാഞ്ഞങ്ങാട് അതിഞ്ഞാലും കുറച്ച് വർഷം ആയുർവേദ ചികിത്സ നടത്തി.

കുറച്ച് ഭേദമായെങ്കിലും തുടർചികിത്സയ്ക്ക് പണമില്ലാതായി. 12 വർഷം ഗൾഫിൽ തയ്യൽക്കാരനായിരുന്നു അദ്ദേഹം. അപ്രതീക്ഷിത വീഴ്ചയിലും മനസ്‌ തളരാതെ തയ്യൽ ജോലി തുടർന്നു.

2016ൽ മുന്നാട് ടൗണിൽ ഡി ആർ ടൈലഴ്‌സ് എന്ന പേരിൽ ഒരു ചെറിയ ടൈലറിങ് കട തുടങ്ങി. എല്ലാം ഒറ്റക്കൈ കൊണ്ട് തയ്ക്കും. ഭാര്യ രജനിയും സഹായത്തിനുണ്ട്‌.

സ്‌കൂൾ വിട്ടുവന്നാൽ മകൾ ആരാധ്യയും അച്ഛന് കൂട്ടിനുണ്ടാകും. ദാമോദരന്റെ 99 വയസ്സായ അമ്മ സി എച്ച് കല്യാണിയും വീട്ടിലുണ്ട്. കൊവിഡ്‌ കാലം കുടുംബത്തെ തളർത്തി.

ഒറ്റമുറി തയ്യൽ കടയുടെ വാടക കുടിശികയാണ്‌. നാട്ടുകാർ സഹകരിക്കുന്നയിനാൽ അത്യാവശ്യം ജോലിയുണ്ട്‌. വികലാംഗ പെൻഷൻ കിട്ടുന്നതും അൽപം ആശ്വാസം.