Mon. Dec 23rd, 2024
കൊച്ചി:

26-മത്‌ യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ഈ മ യൗവും. ഓണ്‍ലൈനായി നവംബര്‍ ഒന്നിന് ആരംഭിച്ച ചലചിത്രോത്സവം 30വരെ തുടരും. കാണികള്‍ക്ക് വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് യൂറോപ്യന്‍ സിനിമയിലെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ചിത്രങ്ങള്‍ ആസ്വദിക്കാം.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ ഇന്ത്യയിലെ 49-രാജ്യാന്തര ചലചിത്രോല്‍സവത്തില്‍ മികച്ച സംവിധാനത്തിനും മികച്ച നടനുമുള്ള അവാര്‍ഡുകള്‍ നേടിയിരുന്നു. 48-ാമത് കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡിലും മികച്ച സംവിധാകനുള്ള ബഹുമതി കരസ്ഥമാക്കിയിരുന്നു.

ചെല്ലാനം കടപ്പുറത്തെ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മ യൗ വിന്റെ കഥ. വാവച്ചന്‍ എന്ന കല്ലാശാരിയെ ചുറ്റിയാണ് കഥ. വീട്ടില്‍ വൈകിയെത്തുകയും പെട്ടെന്ന് മരിക്കുകയും ചെയ്യുന്നു ആശാരി.

മരണത്തിന് മുമ്പ് ഈശി എന്ന തന്റെ മകനോട് തന്റെ സംസ്‌കാര ചടങ്ങിനെ കറിച്ചുള്ള സ്വപനങ്ങള്‍ അയാള്‍ പങ്കുവയ്‌ക്കുന്നുണ്ട്. ഗംഭീര സംസ്‌കാരം ഈശിയും ഉറപ്പു നല്‍കുന്നു. വാവച്ചന്റെ പെട്ടെന്നുള്ള മരണത്തോടെ ഈശി എല്ലാ ബഹുമതികളോടും ആചാരങ്ങളോടും കൂടിയുള്ള സംസ്‌കാരത്തിന് തയ്യാറെടുക്കുന്നു. എന്നാല്‍ പിതാവിനോടുള്ള മകന്റെ ഈ സ്‌നേഹത്തിന് പല ഭാഗങ്ങളില്‍ നിന്നും തടസങ്ങള്‍ നേരിടുകയാണ്.

ഒരു മാസം നീളുന്ന യൂറോപ്യന്‍ ചലചിത്രോല്‍സവത്തില്‍ എട്ടു വിഭാഗങ്ങളിലായി 37 ഭാഷകളില്‍ നിന്നും 60 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. പ്രമുഖ അന്താരാഷ്‌ട്ര ചലചിത്രോല്‍സവങ്ങളില്‍ പങ്കെടുത്തിട്ടുള്ള ചിത്രങ്ങളും അംഗരാജ്യങ്ങളില്‍ നിന്നുള്ളവയും ഇതില്‍ ഉള്‍പ്പെടുന്നു. ഹിന്ദി, മറാത്തി, മലയാളം, ബംഗാളി എന്നീ ഭാഷകളില്‍ നിന്നായി ആറു ചിത്രങ്ങളുമായി ഇന്ത്യയ്‌ക്ക് പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്.