Fri. Apr 26th, 2024
ചണ്ഡീ​ഗഡ്:

പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സൗജന്യ ടാബ്‍ലെറ്റുകൾ നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. വരുന്ന അധ്യയന വർഷത്തിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി അഞ്ച് ലക്ഷം ടാബ്‍ലെറ്റുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

560 കോടി രൂപ ഇതിനായി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ മറ്റ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കൂടി ടാബ്‍ലെറ്റുകൾ നൽകാൻ ആലോചനയുണ്ട്.

കൂടാതെ 15000 കർഷകർക്ക് കുഴൽക്കിണർ കണക്ഷൻ നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് 350 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി കന്വർ പാൽ, ​ഗതാ​ഗത മന്ത്രി മൂൽചന്ദ് ശർമ്മ, വൈദ്യുതി മന്ത്രി രജ്ഞിത് സിം​ഗ് ചൗട്ടാല, കൃഷിമന്ത്രി ജെപി ദലാൽ എന്നിവർ പങ്കെടുത്ത യോ​ഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.