കൊയിലാണ്ടി:
ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിനു പരീക്ഷണാടിസ്ഥാനത്തിൽ താത്കാലിക പരിഹാരവുമായി ദേശീയ പാത എൻജിനീയറിങ് വിഭാഗം. റോഡിനെ വിഭജിച്ച് മണൽ ചാക്കുകൾ സ്ഥാപിക്കുകയാണ് പദ്ധതി. ദേശീയ പാതയിലൂടെ നിയന്ത്രണവുമില്ലാതെ അഞ്ചും എട്ടും വാഹനങ്ങൾ ഒന്നിച്ച് ഒരു ഭാഗത്തേക്ക് പോകുന്നത് നിയന്ത്രിക്കാൻ ഇതുകൊണ്ട് കഴിയുമെന്നാണ് എൻ എച്ച് അസി എൻജിനീയർ എൻ ജാഫർ പറയുന്നത്.
ഓരോ 20 മീറ്ററിലും വിടവ് ഇട്ടു കൊണ്ടാണ് മണൽ ചാക്ക് സ്ഥാപിക്കുക. സ്റ്റേഡിയം ബിൽഡിങ് കവാടം മുതൽ ആർഒബി ജംക്‌ഷൻ വരെയും താമരശ്ശേരി പാതയിൽ 20 മീറ്റർ വരെയും, തെക്ക് ഭാഗത്ത് പഴയ ആർടിഒ ഓഫിസ് മുതൽ മീത്തലെകണ്ടി പള്ളിവരെയും മണൽ ചാക്കുകൾ വയ്ക്കും. വർഷങ്ങളായി കൊല്ലം മുതൽ അരങ്ങാടത്ത് വരെ ദേശീയ പാതയിൽ രൂക്ഷമായ ഗതാഗത കുരുക്കാണ്. മണിക്കൂറുകളോളം വാഹനങ്ങൾ ഇതിൽ പെടാറുണ്ട്.
രോഗികളുമായി പോകുന്ന ആംബുലൻസുകളും ഇതിൽ പെടാറുണ്ട്. പലപ്പോഴും ഇവയെ ഒഴിവാക്കിയെടുക്കാൻ ടൗണിലുള്ള ആംബുലൻസ്, ടാക്സി ഡ്രൈവർമാരാണ് ട്രാഫിക് പൊലീസിന് സഹായമാകുന്നത്. നഗരത്തിൽ റോഡിന്റെ ഇരു ഭാഗത്തും കാൽനട യാത്രക്കാർക്ക് നടക്കാൻ ഇരുമ്പു വേലി കെട്ടിയ ഫുട്പാത്ത് ഉണ്ടെങ്കിലും ഇത് ഗൗനിക്കാതെ പലരും റോഡിലൂടെയാണ് നടക്കുക.
വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നവർ വാഹനങ്ങൾ പാർക്കു ചെയ്യുന്നതും റോഡരികിലാണ്. ഇതൊക്കെ ടൗണിലെ ഗതാഗത കുരുക്കിന് കാരണമാണ്. പരീക്ഷണാടിസ്ഥാനത്തിലുള്ള മണൽ ചാക്ക് സ്ഥാപിക്കൽ ടൗണിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.