Sat. Apr 27th, 2024
കാഞ്ഞങ്ങാട്:

വടക്കൻ കേരളത്തിലെ യാത്രാദുരിതം കണക്കിലെടുത്ത്‌ കണ്ണൂർ വരെ ഓടുന്ന ട്രെയിനുകളിൽ ചിലതെങ്കിലും മം​ഗളൂരു വരെ നീട്ടണമെന്ന ആവശ്യം ശക്തമായി. ദീർഘദൂരവണ്ടികളിൽ ജനറൽ കംപാർട്ടുമെന്റ്‌ അനുവദിക്കാത്തതും നിത്യയാത്രക്കാർക്ക്‌ എല്ലാ വണ്ടികളിലും സീസൺ ടിക്കറ്റ്‌അനുവദിക്കാത്തതും കാരണം ഏതാനും ട്രെയിനുകളിൽ യാത്രക്കാർ തിക്കിതിരക്കുകയാണ്‌. കണ്ണൂരിൽ നിർത്തിയിടുന്ന വണ്ടികൾ നീട്ടിയാൽ ഒരു പരിധിവരെ യാത്രാ പ്രയാസങ്ങൾക്ക്‌ പരിഹാരമാവും.

എന്നാൽ മലബാറിൽ നിന്നുള്ള എംപിമാർ റെയിൽവെയുടെ മുന്നിൽ അങ്ങിനെയൊരാവശ്യം ഉന്നയിക്കാൻ തയ്യാറാവുന്നില്ല. തൊട്ടടുത്ത സംസ്ഥാനങ്ങളിലൊക്കെ കൊവിഡിന്‌ ശേഷം സാധാരണസർവീസ്‌തുടങ്ങി. കോയമ്പത്തൂർ നിന്ന് മധുര, പഴനി ട്രെയിനുകളൊക്കെ ഓടാൻ തീരുമാനിച്ചത്‌ എംപിമാരുടെ യോഗത്തിന്‌ ശേഷമാണ്‌. എന്നാൽ ഇവിടെയുള്ള എംപി എന്ത്‌ ചെയ്‌തുവെന്നാണ്‌ യാത്രക്കാർ ചോദിക്കുന്നത്‌.

മെമു ഓടിക്കാനുള്ള സമ്മർദംപോലും ഉണ്ടാവുന്നില്ല. പി കരുണാകരൻ എംപിയായിരുന്നപ്പോഴാണ്‌ റെയിൽവേയിൽ നിന്ന്‌ ജില്ലയ്‌ക്ക്‌ ഏറ്റവും കുടുതൽ പരിഗണന ലഭിച്ചത്‌. ഏഴ്‌ ട്രെയിൻ കണ്ണൂരിൽ മണിക്കൂറുകളോളം നിർത്തിയിടുന്നുണ്ട്‌.

യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ് രാവിലെ 9.30ന് എത്തിയാൽ വൈകീട്ട് 6.05നാണ്‌ തിരിച്ചുപോകുന്നത്‌. തൃശൂർ –കണ്ണൂർ പാസഞ്ചർ പകൽ 12ന് എത്തിയാൽ 2.50നാണ് മടങ്ങുക. എറണാകുളം–കണ്ണൂർ ഇന്റർസിറ്റി പകൽ12.30ന് എത്തിയാൽ പിറ്റേന്ന് രാവിലെ അഞ്ചുവരെ വിശ്രമിക്കുകയാണ്‌.

വൈകീട്ട് 4.30ന് കണ്ണൂരിലെത്തുന്ന കോഴിക്കോട് –-കണ്ണൂർ പാസഞ്ചർ, രാത്രി 9ന്‌ എത്തി രാവിലെ 6.20 ന് മടങ്ങുന്ന കണ്ണൂർ–- കോയമ്പത്തൂർ- പാസഞ്ചർ എന്നിവയൊക്കെ മം​ഗളൂരുവിലേക്ക് നീട്ടാവുന്നതാണ്‌.
രാത്രി 10.30ന് എത്തുന്ന എറണാകുളം- കണ്ണൂർ എക്സിക്യുട്ടീവ് പിറ്റേന്ന് 2.50ന് ഇന്റർസിറ്റിയായാണ് മടങ്ങുക. മണിക്കൂറുകളോളം വെറുതേ കിടക്കും. തിരുവനന്തപുരത്ത് നിന്നുള്ള ജനശതാബ്ദി രാത്രി 11.30നെത്തിയാൽ രാവിലെ 4.45നാണ് മടക്കം.