Mon. Nov 18th, 2024
തൊടുപുഴ:

മൊബൈൽ ഫോണിൽ സംസാരിച്ച് അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറെ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം തെളിവുസഹിതം പിടികൂടി. ഈരാറ്റുപേട്ട-തൊടുപുഴ-വണ്ണപ്പുറം റൂട്ടിലോടുന്ന അച്ചൂസ് ബസിന്റെ ഡ്രൈവർ കോടിക്കുളം വെളിയത്ത് സലാമാണ് പിടിയിലായത്. ഇയാളുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ ആർടിഒ നിർദേശം നൽകി.

ഇയാൾ മങ്ങാട്ടുകവല മുതൽ വണ്ണപ്പുറം വരെ പതിവായി മൊബൈലിൽ സംസാരിച്ചാണു ബസോടിക്കുന്നതെന്ന് കാട്ടി എൻഫോഴ്സ്മെന്റ് ആർടിഒ പി എ നസീറിനു പരാതി ലഭിച്ചിരുന്നു. ആർടിഒയുടെ നിർദേശപ്രകാരം എൻഫോഴ്സ്മെന്റ് സ്ക്വാഡ് ബസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെ ഒരു അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ മഫ്ടിയിൽ ബസിൽ കയറി.

തുടർന്ന് മൊബൈലിൽ സംസാരിച്ച് ബസോടിക്കുന്ന ദൃശ്യം പകർത്തി ഡ്രൈവറെ കയ്യോടെ പിടികൂടുകയായിരുന്നു. പതിവായി ഇയാൾ മൊബൈലിൽ സംസാരിച്ചു ബസോടിക്കാറുണ്ടെന്ന് യാത്രക്കാർ മൊഴി നൽകിയിട്ടുണ്ട്. എംവിഐ അബ്ദുൽ ജലീൽ, എഎംവിഐമാരായ നിസാർ ഹനീഫ, പി ആർ രാംദേവ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.