Wed. Jan 22nd, 2025
ഭോപ്പാൽ:

മധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിൽ റെയിൽവേ ട്രാക്കിൽ വീഡിയോയ്ക്ക് പോസ് ചെയ്യുന്നതിനിടെ 22 കാരൻ ട്രെയിനിടിച്ച് മരിച്ചു. ഞായറാഴ്ച ഇറ്റാർസി-നാഗ്പൂർ റെയിൽ റൂട്ടിലാണ് സംഭവം. പഞ്ജാര കാലാ ഗ്രാമത്തിലെ താമസക്കാരനായ സഞ്ജു ചൗറെ (22) ആണ് മരിച്ചതെന്ന് പത്രോട്ട പോലീസ് സ്റ്റേഷൻ ഇൻചാർജ് നാഗേഷ് വർമ ​​പിടിഐയോട് പറഞ്ഞു.

“ഇയാൾ തന്റെ സുഹൃത്തിനൊപ്പം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അപ്‌ലോഡ് ചെയ്യുന്നതിനായി ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നതിന് റെയിൽ വെ ട്രാക്കിൽ എത്തിയതായിരുന്നു. വൈകുന്നേരം 5:30 ന് ശരദ്ദേവ് ബാബ ഏരിയയിൽ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.

സജ്ജുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. വീഡിയോ എടുക്കുന്നതിന് പിന്നീലൂടെ ഗുഡ്സ് ട്രെയിൻ വരുന്നുണ്ടായിരുന്നു. ട്രെയിൻ തുടർച്ചയായി ഹോണടിച്ചിട്ടും ട്രാക്കിന് സമീപത്തുനിന്ന് മാറാൻ സഞ്ജു തയ്യാറായില്ല. സഞ്ജുവിന്റെ സുഹൃത്ത് പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.