മുംബൈ:
ആരോപണങ്ങളുടെ ശരശയ്യയിൽ കഴിയുന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ ഡയരക്ടർ സമീർ വാങ്കഡെക്കെതിരെ വീണ്ടും ആരോപണം. റിട്ട പൊലീസ് അസി കമീഷണറാണ് (എ സി പി) തന്‍റെ മകനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്ന സത്യവാങ്മൂലം നൽകിയിരിക്കുന്നത്. സംഭവത്തിൽ കോടതി എൻ സി ബിയോട് വിശദീകരണം തേടി.
റിട്ട എ സി പി ആനന്ദ് കെഞ്ചാലെ ആണ് സമീർ വാങ്കഡെക്കെതിരെ സത്യവാങ്മൂലം നൽകിയത്. തന്‍റെ മകൻ ശ്രേയസ് കെഞ്ചാലെയെ സമീർ വാങ്കഡെ കഞ്ചാവു കേസിൽ കുടുക്കിയെന്നാണ് ആനന്ദിന്‍റെ ആരോപണം.
ജൂൺ 22ന് രാത്രിയാണ് ശ്രേയസ് കെഞ്ചാലെയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കഞ്ചാവ് കേസിൽ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. തന്‍റെ മകനെ അറസ്റ്റ് ചെയ്യുമ്പോൾ സമീർ വാങ്കഡെ സ്ഥലത്തുണ്ടായിരുന്നെന്നും ഇക്കാര്യം സാക്ഷി പ്രസ്താവനയിലും മറ്റെവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും ആനന്ദ് കെഞ്ചാലെ പറയുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സമീർ വാങ്കഡെയുടെ സാന്നിധ്യം വ്യക്തമാകുമെന്നും ഇവർ പറയുന്നു.