കോഴിക്കോട്:
ഗവ മെഡിക്കൽ കോളേജിലെ താൽക്കാലിക മൈക്രോബയോളജി ലാബ് പ്രവർത്തനം അവതാളത്തിൽ. കൊവിഡ് ബ്രിഗേഡ് ജീവനക്കാരെ മുഴുവനായി പിരിച്ചുവിട്ടതോടെയാണ് ലാബിെൻറ സ്ഥിതി പരുങ്ങലിലായത്. നേരത്തെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ലാബ് ഇപ്പോൾ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയുള്ളൂ. ഇതോടെ കൊവിഡ് പരിശോധനഫലമറിയാൻ നീണ്ട കാത്തിരിപ്പ് വേണ്ടിവരുകയാണ് പാവപ്പെട്ട രോഗികൾക്ക്.
വൈകീട്ട് നാല് കഴിഞ്ഞാൽ സാമ്പിളുകളൊന്നും ലാബിൽ സ്വീകരിക്കുന്നില്ല. മൂന്ന് ആഴ്ചയോളമായി ഇതാണ് ഇവിടത്തെ സ്ഥിതി. ഇതുമൂലം നിർധനരോഗികളുടെ ചികിത്സ പലപ്പോഴും വൈകുകയാണ്. രാത്രി ചികിത്സ തേടിയെത്തുന്നവരാണ് ഏറെ വലയുന്നത്.
അടിയന്തര ശസ്ത്രക്രിയകൾ നടത്തുന്നതിെൻറ മുന്നോടിയായി ചെയ്യുന്ന ട്രൂനാറ്റ് പരിശോധനയുടെ ഫലവും വൈകുന്നു. കൊവിഡ് പരിശോധനഫലം പെട്ടെന്ന് കിട്ടാനായി പലരും സ്വകാര്യ ലാബുകളെ ആശ്രയിക്കുകയാണ്. പരിശോധനക്ക് ഈ ലാബുകൾ വൻനിരക്ക് ഈടാക്കുന്നുണ്ടെന്ന ആക്ഷേപവും ഉണ്ട്.
ആർ ടി പി സി ആർ ഫലം വൈകുന്നത് ആശുപത്രിയിൽ മരിച്ചവരുടെ മൃതദേഹം വിട്ടുകിട്ടാനും കാത്തിരിപ്പിനിടയാക്കുകയാണ്. മരണം സംഭവിക്കുന്നത് വൈകീട്ടോ രാത്രിയിലോ ആണെങ്കിൽ ആർ ടി പി സി ആർ ഫലം കിട്ടുന്നത് പിറ്റേന്ന് ഉച്ചക്ക് ശേഷമായിരിക്കും. ഈ നേരമത്രയും മൃതദേഹം മോർച്ചറിയിലായിരിക്കും.
പോസ്റ്റ്മോർട്ടം ചെയ്യേണ്ടിവരുന്ന സാഹചര്യമാണെങ്കിൽ ബന്ധുക്കളുടെ കാത്തിരിപ്പ് വീണ്ടും നീളും. ആർ ടി പി സി ആർ ഫലം വന്നശേഷം മാത്രമേ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുകയുള്ളൂ. ഇതോടെ പിറ്റേന്ന് വൈകീട്ടോടെയേ മൃതദേഹം വിട്ടുകിട്ടൂ. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് മെഡിക്കൽ കോളജ് മോർച്ചറിക്ക് സമീപം മൈക്രോബയോളജി വിഭാഗം താൽക്കാലിക ലാബ് ആരംഭിച്ചത്.