Fri. Dec 27th, 2024
കണ്ണൂർ:

സർക്കാർ പണം നൽകുന്നില്ല, ആശുപത്രികളിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കുന്നത് കുത്തനെ കുറച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). പാലക്കാട്ടുള്ള ഐഎംഎയുടെ ഇമേജ് പ്ലാന്റിൽ എത്തിച്ചാണ് ആശുപത്രി മാലിന്യം സംസ്കരിക്കുന്നത്. 2.6 കോടി രൂപയാണ് സർക്കാർ ആശുപത്രികളിൽ നിന്നു ലഭിക്കാനുള്ളതെന്ന് ഇമേജ് പ്രതിനിധി പറഞ്ഞു. സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നു 14 മാസമായി തുക ലഭിച്ചിട്ടില്ല.

കൊവിഡ് മാലിന്യ നീക്കത്തിന് ജില്ലാ ആശുപത്രികളിൽ നിന്ന് ഏപ്രിൽ മുതലുള്ള തുകയും ലഭിക്കാനുണ്ട്. മാസങ്ങളായി നിരന്തരം കത്തുകൾ നൽകിയിട്ടും സർക്കാരിൽ നിന്നു പ്രതികരണമില്ലാതായതോടെ 15 മുതലാണ് മാലിന്യ ശേഖരണം പരിമിതപ്പെടുത്തിയത്. ഇതോടെ സർക്കാർ ആശുപത്രികളിൽ ബയോമെഡിക്കൽ മാലിന്യം കുന്നുകൂടുന്ന സ്ഥിതിയാണ്. മാലിന്യം ശേഖരിക്കാനായി ഐഎംഎ ഏർപ്പെടുത്തിയ വാഹനങ്ങളുടെ ബിൽ കൊടുക്കുന്നതും പ്രതിസന്ധിയിലാണ്.

ഈ സ്ഥിതിയിൽ ഇനിയും മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഇമേജ് പ്രതിനിധി പറഞ്ഞു. പ്രത്യേകം വാഹനങ്ങൾ ഉപയോഗിക്കുന്നതിനാൽ ഇരട്ടിയിലേറെ ചെലവാണ് കൊവിഡ് കാലഘട്ടത്തിൽ വന്നത്. കൊവിഡുമായി ബന്ധപ്പെട്ടു മാത്രം 8900 ടൺ ബയോമെഡിക്കൽ മാലിന്യം ഇമേജ് ശേഖരിച്ച് സംസ്കരിച്ചു കഴിഞ്ഞു.

പ്രതിദിനം 54നും 58നും ഇടയിൽ ടൺ മാലിന്യമാണ് ഐഎംഎ ഇമേജ് സംസ്ഥാനത്തെ ആശുപത്രികളിൽ നിന്നു ശേഖരിക്കുന്നത്. കൊവിഡ് മൂർധന്യാവസ്ഥയിൽ എത്തിയപ്പോൾ ഇത് 62 ടൺ വരെയായിരുന്നു.