Mon. Dec 23rd, 2024

ആയിരക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തി കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാർ വിടവാങ്ങിയത്​ അടുത്തിടെയാണ്​. രാവിലെ ജിമ്മിലെ വ്യായാമത്തിനിടെ ഹൃദയാഘാതമുണ്ടായതിനെതുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പ്രിയപ്പെട്ടവർ അപ്പു എന്ന് വിളിക്കുന്ന പുനീത് രാജ്കുമാറി​െൻറ അന്ത്യം. ഏറ്റവും വലിയ മനുഷ്യ സ്​നേഹിയായ നടന്‍റെ മരണത്തിൽ നെഞ്ച്​ പൊട്ടി മരിച്ചവർ നിരവധി.

പുനീതിന്‍റെ ഓർമകൾ നിലനിർത്താൻ അദ്ദേഹം തുടങ്ങിവെച്ച എല്ലാ കാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത്​ നടത്തുകയാണ്​ ആരാധകർ. നടന്‍റെ മരണത്തിന്​ ശേഷം നടത്തിയ നേത്രദാന സമ്മത പത്ര കാമ്പയിനുകളിൽ ആയിരങ്ങളാണ്​ നേത്രദാനത്തിന്​ സമ്മതവുമായി എത്തിയിരിക്കുന്നത്​.

ഇതിനകം 7000 പേരാണ്​ മരണാനന്തരം കണ്ണുകൾ ദാനം ചെയ്യാൻ സമ്മതവുമായി എത്തിയിരിക്കുന്നത്​. മരണാനന്തരം പുനീതി​ന്‍റെ കണ്ണുകൾ ദാനം ചെയ്​തിരുന്നു. അദ്ദേഹത്തിന്‍റെ മാതാപിതാക്കളും മരണാനന്തരം കണ്ണുകൾ ദാനം ചെയ്​തിരുന്നു. ഈ ഓർമകൾ നിലനിർത്താനാണ്​ നേത്രദാന ക്യാമ്പുകളുമായി ആരാധകർ ഒത്തുകൂടിയിരിക്കുന്നത്​.