Wed. Jan 22nd, 2025

ജയ് ഭീം സിനിമയിലൂടെ ഏതെങ്കിലും സമുദായത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സംവിധായകന്‍ ജ്ഞാനവേല്‍. ആരുടെയെങ്കിലും സാമുദായിക വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. സിനിമയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. നടൻ സൂര്യയെ സംവിധായകന്‍ അഭ്യര്‍ഥിച്ചു.

പൊലീസും ജുഡീഷ്യറിയും ഒന്നിച്ച് പ്രവർത്തിക്കുകയും താഴെക്കിടയിൽ ഉള്ളവർക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നുള്ള സന്ദേശം നൽകുവാനാണ്‌ തങ്ങൾ സിനിമ ഒരുക്കിയത്. സിനിമയുടെ നിർമാതാവ് എന്ന നിലയ്ക്ക് എല്ലാ പഴികളും സൂര്യയുടെ മേൽ ചാർത്തപ്പെടുന്നത് നിരാശജനകമാണ്. ഒരു നിർമാതാവ് എന്ന നിലക്കും നടൻ എന്ന നിലക്കും ജനങ്ങളുടെ വേദനകൾ എല്ലാവരിലേക്കും എത്തിക്കുക എന്നത് മാത്രമായിരുന്നു എന്ന് ജ്ഞാനവേല്‍ വ്യക്തമാക്കി.

ജയ്‌ ഭീം തങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് വണ്ണിയാർ സമുദായാംഗങ്ങള്‍ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധം സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് സംവിധായകന്‍റെ പ്രതികരണം.

തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിൽ നവംബർ ഒന്നിനാണ്‌ ചിത്രം പുറത്തിറങ്ങിയത്‌. ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തെയോ അവഹേളിക്കണമെന്ന ചെറിയ ചിന്ത പോലും സിനിമയുടെ നിർമ്മാണത്തിൽ ഉണ്ടായിരുന്നില്ലെന്ന് ജ്ഞാനവേൽ പറഞ്ഞു.