Fri. Mar 29th, 2024
അമരാവതി:

ആന്ധ്രപ്രദേശ് സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കി. ഇനി അമരാവതിയായിരിക്കും സ്ഥിരം തലസ്ഥാനം. 2014 ല്‍ ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോള്‍ ആന്ധ്രയുടെ പുതിയ തലസ്ഥാനമായി അമരാവതിയെ നിശ്ചയിച്ചിരുന്നു.

ആന്ധ്രപ്രദേശ് വിഭജനത്തിന് ശേഷം വൈ എസ് ആര്‍ കോണ്‍ഗ്രസ് ആയിരുന്നു ആന്ധ്രക്ക് മൂന്ന് തലസ്ഥാനങ്ങള്‍ നിര്‍ദേശിച്ചത്. ലെജിസ്ലേറ്റീവ് (നിയമനിര്‍മാണ സഭ) തലസ്ഥാനമായി അമരാവതിയെ നിശ്ചയിച്ചപ്പോള്‍ വിശാഖ പട്ടണത്തെ എക്‌സിക്യീട്ടിവ് (ഭരണനിര്‍വഹണം) തലസ്ഥാനമായും കുര്‍ണൂലിനെ ജൂഡീഷ്യല്‍ (നീതിന്യായ) തലസ്ഥാനമായിട്ടുമായിരുന്നു നിശ്ചയിച്ചത്. ഇത് സംബന്ധിച്ച ബില്ലിന് 2020 ജനുവരിയില്‍ മന്ത്രി സഭ അംഗീകാരം നല്‍കുകയും ചെയ്തു.

വിശാഖപട്ടണത്ത് പുതിയ സെക്രട്ടറിയേറ്റും നിയമസഭയും നിര്‍മ്മിക്കാന്‍ ജഗന്‍മോഹന്‍ റെഡ്ഢി സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. അമരാവതിയില്‍ ടി ഡി പി നിര്‍‍മ്മിച്ച സമുച്ചയങ്ങള്‍ പോലും ഏറ്റെടുക്കേണ്ടെന്നായിരുന്നു തീരുമാനം. മറ്റ് കെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെ പാതിവഴിയില്‍ നിര്‍ത്തിവെച്ചിരുന്നു.

അമരാവതിയില്‍ നിന്ന് തലസ്ഥാനം മൂന്നിടങ്ങളിലേക്ക് മാറ്റി സ്ഥാപിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാനത്ത് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തീരുമാനത്തിനെതിരെ അമരാവതിയിലെ കര്‍ഷകര്‍ കോടതിയെ സമീപിച്ചു. ഏക്കറുകണക്കിന് ഭൂമി കര്‍ഷകരില്‍ നിന്നും ഏറ്റെടുത്തായിരുന്നു മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമരാവതിയില്‍ തലസ്ഥാനനഗരത്തിന്റെ നിർമാണം തുടങ്ങിയത്.