Mon. Dec 23rd, 2024
പനമരം:

മഴ മൂലം പഴുത്ത കാപ്പി വിളവെടുക്കാൻ കഴിയാതെ കർഷകർ നട്ടംതിരിയുന്നതിനിടെ കാപ്പി പൂക്കുന്നു. തുടർച്ചയായ വർഷങ്ങളിൽ വിളവെടുപ്പിനു മുൻപ് കാപ്പി പൂക്കുന്നതു കർഷകർക്ക് ദുരിതമാകുകയാണ്. കാലാവസ്ഥാ വ്യതിയാനവും മഴയും, കടുത്ത മഞ്ഞുമാണു കാപ്പി പൂക്കാൻ കാരണം.

മഴ പെട്ടെന്നു മാറിയാലും പലയിടങ്ങളിലും കാപ്പി പൂത്തതു മൂലം പഴുത്ത കാപ്പിക്കുരു പറിച്ചെടുക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. കഴിഞ്ഞ 4 വർഷമായി വിളവെടുപ്പ് സമയത്ത് കാപ്പി സ്ഥിരമായി പൂക്കുന്നുണ്ട്. വിളവെടുപ്പുകാലത്ത് റോബസ്റ്റ അടക്കമുള്ള കാപ്പി പൂക്കുന്നത് വിളവ് കുറയുന്നതിനു കാരണമാകും.

വിളവെടുപ്പ് സമയത്ത് കാപ്പി പൂക്കുന്നത് വരാനിരിക്കുന്ന കടുത്ത വരൾച്ചയുടെ ലക്ഷണമാണെന്നു പഴമക്കാർ പറയുന്നു. നടവയൽ, പൂതാടി, കായക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണു കാപ്പി പൂത്തത്. കനത്ത മഴയിൽ കൊഴിച്ചിൽ അടക്കമുള്ള രോഗം ബാധിച്ചു കാപ്പിക്കുരു വൻതോതിൽ കൊഴിഞ്ഞ് നശിക്കുന്നുണ്ട്. മിക്ക ദിവസങ്ങളിലും രാപകൽ പെയ്യുന്ന മഴ മൂലം പാകമായ നെല്ല് കൊയ്തെടുക്കാൻ കഴിയാത്തതിനാൽ നെല്ല് കൊഴിഞ്ഞ് വീണു മുളയ്ക്കുന്നതാണ് നെല്‍ക്കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി.