മുംബൈ:
സിഖ് സമുദായത്തിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പരാതി. മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷനിലാണ് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി(ഡിഎസ്ജിഎംസി) പരാതി നൽകിയത്. കർഷക സമരവുമായി ബന്ധപ്പെട്ട് സിഖ് സമുദായത്തെ ഭീകരവാദികളായി ചിത്രീകരിച്ചുകൊണ്ടുള്ള കങ്കണയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് ഗുരുദ്വാര സമിതി പൊലീസിനെ സമീപിച്ചത്.
കങ്കണ സോഷ്യൽ മീഡിയ കുറിപ്പിലൂടെ കർഷക സമരത്തെ ബോധപൂർവം ഖലിസ്ഥാനി പ്രസ്ഥാനമായി ചിത്രീകരിക്കുകയും സിഖ് സമുദായത്തെ ഖലിസ്ഥാനി ഭീകരന്മാരായി അവതരിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്. 1984ലെ സിഖ് കൂട്ടക്കൊല ഓർമിപ്പിച്ച കങ്കണ സംഭവം അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ആസൂത്രിതമായ നീക്കമാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. അന്ന് സിഖുകാർ ഇന്ദിരയുടെ ഷൂവിനു താഴെ ചവിട്ടിയരക്കപ്പെട്ടതായാണ് കങ്കണ വിശേഷിപ്പിക്കുന്നത്.
ലോകവ്യാപകമായി സിഖ് സമുദായത്തെ വേദനിപ്പിക്കുന്ന തരത്തിലുള്ള നിന്ദ്യവും അപകീർത്തിപരവുമായ നടപടിയാണ് കങ്കണയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പരാതിയിൽ പറയുന്നു. ഡൽഹി ഗുരുദ്വാര കമ്മിറ്റി അധ്യക്ഷനും ശിരോമണി അകാലിദൾ നേതാവുമായ മഞ്ചീന്ദർ സിങ് സിർസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നൽകിയത്. വിഷയം ഉന്നയിച്ച് അഡീഷനൽ പൊലീസ് കമ്മിഷണർ സന്ദീപ് കാർണിക്കിനെ സംഘം കാണുകയും ചെയ്തിട്ടുണ്ട്.