Fri. Nov 22nd, 2024
പുന്നയൂർക്കുളം:

മീൻപിടിക്കാൻ നൂറടി തോടിനു കുറുകെ ചീനവലയും മീൻ പത്തായങ്ങളും കെട്ടിയത് കർഷകർക്ക് ബുദ്ധിമുട്ടാകുന്നു. തോട്ടിലെ നീരൊഴുക്ക് കുറഞ്ഞത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കർഷകരും പടവ് കമ്മിറ്റി ഭാരവാഹികളും നടത്തിയ പരിശോധനയിലാണ് ചമ്മന്നൂർ മുതൽ പെരുമ്പടപ്പ് നൂണക്കടവ് വരെ പത്തിടത്ത് മീൻകെട്ടുകൾ നിർമിച്ചതായി കണ്ടത്. ഇവ പൊളിച്ചു മാറ്റാൻ വിവിധ കമ്മിറ്റികൾ കെഎൽഡിസിക്ക് പരാതി നൽകി.

നൂണക്കടവ് ഭാഗത്താണ് വലിയ ചീനവലകൾ തോട്ടിൽ കെട്ടിയിട്ടുള്ളത്. ഇവിടെ നീരൊഴുക്ക് പൂർണമായി നിലച്ച അവസ്ഥയിലാണ്. തോട് വരമ്പിലെ പാഴ്ച്ചെടികൾ വളർന്ന് അവയുടെ കൊമ്പ് തോട്ടിലേക്ക് ചാഞ്ഞതും നീരൊഴുക്ക് തടസ്സപ്പെടാൻ കാരണമായിട്ടുണ്ട്.

തോട്ടിൽ വെള്ളം നിറഞ്ഞതിനാൽ പല ഭാഗത്തും ബണ്ടും ഇടിഞ്ഞിട്ടുണ്ട്. പൊന്നാനി കോൾ പടവ് സംരക്ഷണ സമിതി സെക്രട്ടറി ജയാനന്ദൻ, ചമ്മന്നൂർതാഴം കമ്മിറ്റി സെക്രട്ടറി മുജീബ്, നൂണക്കടവ് സെക്രട്ടറി പോക്കർ, പരൂർ പടവ് സെക്രട്ടറി വി പി ജബ്ബാർ എന്നിവരുടെ നേതൃത്വത്തിലാണ് ബണ്ടിൽ പരിശോധന നടത്തിയത്. തോട്ടിന് കുറുകെ വല കെട്ടിയുള്ള മീൻപിടിത്തം എക്കാലത്തും കർഷകർക്ക് തലവേദനയാണ്.

വലയിൽ ചണ്ടി അടിയുന്നതോടെ തോട്ടിലെ നീരൊഴുക്ക് കുറയുന്നതാണ് പ്രശ്നം. പാടത്തെ വെള്ളം തോട്ടിലേക്ക് അടിച്ച് വറ്റിക്കൽ തുടങ്ങേണ്ട സമയമായി. എന്നാൽ തോട്ടിൽ വരമ്പ് നിരപ്പിൽ വെള്ളം ഉള്ളതിനാൽ പമ്പിങ് തുടങ്ങാൻ കഴിഞ്ഞിട്ടില്ല.