ആന്ധ്രാപ്രദേശ്:
കർഷക പ്രതിഷേധത്തിനും ഒട്ടേറെ വിവാദങ്ങൾക്കും ശേഷം ആന്ധ്രാപ്രദേശിന് ഒരു തലസ്ഥാനം മാത്രം മതിയെന്ന തീരുമാനമെടുത്ത് ജഗൻ സർക്കാർ. അമരാവതി മാത്രമാണ് ഇനി തലസ്ഥാനം. മൂന്ന് തലസ്ഥാനങ്ങൾ തീരുമാനിച്ച് മുൻപ് കൊണ്ടുവന്ന തീരുമാനം സർക്കാർ പിൻവലിച്ചു.
ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. അമരാവതിയിൽ നിന്നും തലസ്ഥാനം മാറ്റാനുള്ള തീരുമാനത്തിനെതിരെ അന്ന് ഭൂമി വിട്ടുകൊടുത്ത കർഷകർ പ്രതിഷേധിച്ചിരുന്നു. അമരാവതി, വിശാഖ പട്ടണം, കുര്‍ണൂൽ എന്നീ നഗരങ്ങളെ തലസ്ഥാനമാക്കാനായിരുന്നു ജഗന്റെ താൽപര്യം.
എന്നാൽ ഏക്കറ് കണക്കിന് ഭൂമി കർഷകർ തലസ്ഥാന നഗരത്തിനായി വിട്ടുകൊടുത്തിരുന്നു. ഇതിനുള്ള നഷ്ടപരിഹാരം തലസ്ഥാനം മാറ്റിയാൽ ലഭിക്കില്ല എന്ന പ്രശ്നം ഉയർത്തിയാണ് കർഷകർ പ്രതിഷേധിച്ചത്. മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ബന്ധമുള്ള റിയൽ എസ്റ്റേറ്റുകാർക്ക് ഗുണം കിട്ടാനാണ് അമരാവതിയിൽ തലസ്ഥാനം പണിയുന്നതെന്ന വാദമാണ് ജഗൻ ഉയർത്തിയിരുന്നത്.
മുപ്പതിനായിരത്തിലധികം ഏക്കര്‍ കൃഷി ഭൂമിയാണ് നായിഡു സര്‍ക്കാര്‍ അന്ന് ഏറ്റെടുത്തിരുന്നത്. ആന്ധ്രയുടെയും തെലങ്കാനയുടെയും പൊതു തലസ്ഥാനമായി 2024 വരെ ഹൈദരബാദ് തുടരുകയും ചെയ്യും. നാല്‍പ്പതിനായിരത്തിലധികം കോടി രൂപ ചെലവഴിച്ചാണ് പുതിയ തലസ്ഥാനമായ അമരാവതിയിലെ ആദ്യ ഘട്ട നിര്‍മാണങ്ങള്‍ പൂര്‍ത്തിയാകേണ്ടത്.