യുഎസ്:
പാട്ട് കേൾക്കാൻ ഇഷ്ടമില്ലാത്തവരെ കണ്ടുപിടിക്കാൻ പ്രയാസമായിരിക്കും. എന്നാൽ, പാട്ടുകേട്ട് പണിയെടുക്കാൻ ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ടാകും നമ്മുടെ കൂട്ടത്തില്‍? ജോലിയുടെ പിരിമുറുക്കമോ കുടുംബപ്രശ്‌നങ്ങളോ എന്തു തന്നെയായാലും സംഗീതത്തെക്കാളും മനസിന് ആശ്വസം നൽകാനാകുന്ന മറ്റൊരു ‘മരുന്നു’ണ്ടാകില്ല. അപ്പോൾ ജോലി തന്നെ പാട്ടുകേട്ടായാലോ! അതിനു മുതലാളി സമ്മതം നൽകുക കൂടി ചെയ്താൽ പറയാനുണ്ടോ!!
ഇങ്ങനെയൊരു തൊഴിലിടത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ടെസ്‌ല സിഇഒ ഇലോൺ മസ്‌കിൻ്റെ ഒരു കത്ത് നിങ്ങൾ നിർബന്ധമായും വായിച്ചിരിക്കണം. ഒരു ചെവിയിൽ ഇയർഫോൺ തിരുകി പാട്ടുകേട്ട് പണിയെടുത്താൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു ചോദിച്ച് ഒരു ജീവനക്കാരി അയച്ച ഇ-മെയിലിന് മറുപടി നൽകുകയായിരുന്നു മസ്‌ക്. ആ മറുപടി ഏതു സംഗീതപ്രിയരെയും ഏറെ സന്തോഷിപ്പിക്കുമെന്നുറപ്പാണ്.
തൊഴിലിടത്തിൽ പാട്ടുകേൾക്കുന്നവരെ തനിക്കിഷ്ടമാണെന്നു പറഞ്ഞു തുടങ്ങിയ മസ്‌ക്, സഹജീവനക്കാർക്ക് പ്രയാസമില്ലെങ്കിൽ സ്പീക്കറിൽ തന്നെ പാട്ടിടുന്നതു നന്നാകുമെന്ന നിർദേശവും മുന്നോട്ടുവച്ചു. ഇത്തരത്തിൽ ജോലി കൂടുതൽ ആസ്വദിച്ചു ചെയ്യാവുന്ന എന്തെങ്കിലും നിർദേശങ്ങളുണ്ടെങ്കിൽ അതും പങ്കുവയ്ക്കണമെന്നും മസ്‌ക് മെയില്‍ ആവശ്യപ്പെടുന്നു.