തിരുവനന്തപുരം:
തലസ്ഥാന നഗരത്തിലെ റോഡുവഴിയുള്ള യാത്രക്ക് മരണക്കുഴികൾ താണ്ടണം. ഒരടിയിലേറെ ആഴമുള്ള നൂറുകണക്കിന് കുഴികളാണ് സംസ്ഥാനപാതയിലും ഗ്രാമീണറോഡുകളിലും രൂപപ്പെട്ടിരിക്കുന്നത്. കരമന-കളിയിക്കാവിള സംസ്ഥാനപാത, എം സി റോഡിൽ മണ്ണന്തല-വെഞ്ഞാറമൂട് റോഡ്, കിഴക്കേക്കോട്ട-കോവളം റോഡ്, പേരൂർക്കട-മണ്ണാമ്മൂല റോഡ്, കൊച്ചുവേളി-പേട്ട റോഡ് തുടങ്ങി പ്രധാന റോഡുകളും ഗ്രാമീണ റോഡുകളും മരണക്കുഴികളായി.
മഴകൂടി ശക്തമായതോടെ തകർന്ന റോഡിൽ അപകടവും ദുരിതവും പതിയിരിക്കുകയാണ്. കരമന-കളിയിക്കാവിള സംസ്ഥാനപാതയിൽ അമരവിള മുതല്‍ പാറശ്ശാല വരെയുള്ള റോഡിൽ നിരവധി മരണക്കുഴികളുണ്ട്. ബാലരാമപുരം മുതല്‍ തുടങ്ങുന്ന ദുരിതയാത്ര അമരവിളപ്പാലം കഴിയുന്നതോടെ നടുവൊടിക്കുന്ന അവസ്ഥയിലെത്തും.
താന്നിമൂട് ജങ്ഷനിൽ ഒരുകിലോമീറ്ററിലേറെ പാടെ തകര്‍ന്ന നിലയിലാണ്. അപകടങ്ങളും പെരുകുകയാണ്. കഴിഞ്ഞദിവസം ബൈക്ക് കുഴിയിൽവീണ് യുവാവിെൻറ കാലൊടിഞ്ഞു. നിരവധി അപകടങ്ങളാണ് ദിവസം നടക്കുന്നതെന്ന് നാട്ടുകാരും പറയുന്നു.
ഉദിയന്‍കുളങ്ങരയിലും സമാനകാഴ്ചയാണ്. മഴ കുറഞ്ഞതോടെയാണ് റോഡിലെ കുഴികളുടെ ആഴം മനസ്സിലാകുന്നത്. വെള്ളക്കെട്ടുള്ളപ്പോള്‍ കുഴിയുടെ ആഴം അറിയാതെ അപകടത്തിൽപെട്ടത് നിരവധിപ്പേരാണ്.
എന്നാൽ, വർഷങ്ങൾക്ക് മുമ്പ് രാജഭരണകാലത്ത് പണിത കരിങ്കൽ പാകിയ റോഡ് ഒരുകോട്ടവും തട്ടാതെ തെളിഞ്ഞുകാണാം. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ അപകടക്കുഴികള്‍ അടയ്ക്കാന്‍ ഫണ്ടില്ലെന്നും മഴയാണെന്നും തൊടുന്യായങ്ങൾ പറയുകയാണ്. കരമന-കളിയിക്കാവിള ദേശീയ പാതയില്‍ ബാലരാമപുരം മുതല്‍ കളിയിക്കാവിള വരെയുള്ള റോഡിലാണ് അവിടവിടെയായി ടാറും മെറ്റലും ഇളകി അപകടക്കുഴികള്‍ നിറഞ്ഞ നിലയിലായത്.