Fri. Nov 22nd, 2024
പായലും മാലിന്യവും കവർന്ന് ഫോർട്ട് കൊച്ചി കടപ്പുറം 

ഫോർട്ട് കൊച്ചി: പായലും മാലിന്യങ്ങളും നിറഞ്ഞ് ഫോർട്ട് കൊച്ചി കടപ്പുറം. എറണാകുളം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര പ്രദേശമായ ഫോർട്ട് കൊച്ചിയിൽ കടൽത്തീരത്ത് മാലിന്യങ്ങളും പോള പായലും അടിഞ്ഞുകൂടി വിനോദ സഞ്ചാരികളും മത്സ്യബന്ധനക്കാരുമടക്കം ബുദ്ധിമുട്ടിലാണ്. വർഷങ്ങളായി പ്രദേശം അനുഭവിക്കുന്ന ബുദ്ധിമുട്ടിന്‌ അധികാരികളുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും ഉണ്ടാവുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

പ്രധാനമായും കൊച്ചിയുടെ സമീപപ്രദേശങ്ങളിലെ ശുദ്ധജല സ്രോതസ്സുകളിൽ വളരുന്ന പോളപ്പായലും അറവുശാലകളിൽനിന്നടക്കം നിക്ഷേപിക്കുന്ന മാലിന്യങ്ങളും മഴക്കാലമായാൽ കടലിലേക്ക് എത്തി ചേരുകയും പ്രധാനമായും ഫോർട്ട് കൊച്ചി മേഖലയിൽ വന്നടിയുകയുമാണ് ചെയ്യുന്നത്. തീരത്ത് വന്നടിയുന്ന പായൽ വലിയ അളവിൽ അവിടെ കിടന്ന് അഴുകുകയും, അതിനാൽ സന്ദർശകർക്കടക്കം തീരത്തേക്ക് എത്തുവാൻ കഴിയാത്ത സാഹചര്യവുമാണ് നിലനിൽക്കുന്നത്. ഒഴുകിവരുന്ന പായലിൽ ഇഴജന്തടുക്കളടക്കമുള്ള ജീവികൾ പ്രദേശത്ത് ഭീതി പരത്തുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

പോളപ്പായൽ തീരത്ത് അടിയുന്നതുമൂലം മത്സ്യബന്ധന മേഖല ഏറെ പ്രതിസന്ധിയിലാണ്. ചീനവലയടക്കമുള്ള മത്സ്യബന്ധന വലകളിൽ പായൽ കടന്നുകൂടുന്നത് അവരുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അധികാരികളാരും അവരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നില്ലെന്നും പ്രദേശവാസിയും മത്സ്യത്തൊഴിലാളിയുമായ മെൽട്ടൺ പറഞ്ഞു. പ്രദേശത്തെ ചീനവലകൾ പലതും പ്രവർത്തിപ്പിക്കാത്തത് പോളപ്പായൽ മൂലമാണെന്നും വള്ളത്തിൽ വലവീശുമ്പോൾ പായൽ വലയിൽ കുരുങ്ങി വല കീറിപ്പോകുന്നത് മൂലം ഭൂരിഭാഗം പേരും മത്സ്യബന്ധനത്തിന് പോകുന്നില്ലെന്നും മെൽട്ടൺ കൂട്ടിച്ചേർത്തു.

ഉപജീവനത്തിനായി കടലിനെ ആശ്രയിക്കുന്ന എല്ലാവർക്കും പോളപ്പായൽ വലിയ ബുദ്ധിമുട്ടാണെന്നും അത് ഉത്ഭവസ്ഥലത്തുനിന്ന് തന്നെ നീക്കം ചെയ്യുകയാണ് ആകെയുള്ള പ്രതിവിധി എന്നും ഫോർട്ട് കൊച്ചി കൗൺസിലർ ആന്റണി കുരീത്തറ പറഞ്ഞു. പോർട്ട് ട്രസ്റ്റും, നേവിയും, കോസ്ററ് ഗാർഡും, ഡി പി വേൾഡും, കൊച്ചിൻ കോർപറേഷനും ഒന്നിച്ച് ശ്രമിച്ചാൽ ഈ പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരമുണ്ടാകുമെന്നുമാണ് അദ്ദേഹം പറയുന്നത്.  പ്രശ്നങ്ങൾ ടൂറിസം മന്ത്രിയുടെ അടക്കം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ സർക്കാർ ഭാഗത്തുനിന്നും അനുകൂല നടപടികൾ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

https://www.instagram.com/p/CWkfj2PLtH5/