Sat. Nov 23rd, 2024
ന്യൂഡൽഹി:

നയതന്ത്ര ഉദ്യോഗസ്ഥനായി ആദ്യം നിയോഗിക്കപ്പെട്ട ഇന്ത്യയോട് തനിക്കുള്ളതു സവിശേഷബന്ധമാണെന്ന് ഐക്യരാഷ്ട്ര സംഘടന മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ. അരനൂറ്റാണ്ടു കഴിഞ്ഞിട്ടും ഹൃദയത്തിന്റെ ഒരു പാതി ഇന്ത്യയ്ക്കു പകുത്തു നൽകിയിരിക്കുകയാണെന്ന് റിസോൾവ്ഡ്: യുണൈറ്റിങ് നേഷൻസ് ഇൻ എ ഡിവൈഡഡ് വേൾഡ് എന്ന ആത്മകഥയിൽ ബാൻ എഴുതുന്നു.

1972 ൽ ഭാര്യ സൂൺ ടായെകും എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞുമൊത്ത് ഇന്ത്യയിൽ എത്തിയ ബാൻ കൊറിയൻ എംബസിയിൽ മൂന്നു വർഷമാണു സേവനമനുഷ്ഠിച്ചത്. യുവ നയതന്ത്ര ഉദ്യോഗസ്ഥനെന്ന നിലയിൽ ഇന്ത്യൻ കാലഘട്ടം വെല്ലുവിളികൾ നിറഞ്ഞതെങ്കിലും വശ്യമനോഹരമായിരുന്നു. ഇന്ത്യയുടെ നയതന്ത്ര അംഗീകാരം നേടി കൊറിയ ബന്ധം മെച്ചപ്പെടുത്തിയത് അക്കാലത്താണ്.

‘ഏകമകൻ പിറന്നത് ഇന്ത്യയിലാണ്. ഏറ്റവും ഇളയ മകൾ വിവാഹം ചെയ്തത് ഇന്ത്യക്കാരനെ. അങ്ങനെ എല്ലാം കൊണ്ടും ഇന്ത്യയുമായി എന്റെ ബാലൻസ് ഷീറ്റ് ഭദ്രമാണെന്ന് ഇന്ത്യക്കാരുമായി ഞാൻ ഫലിതം പറയാറുണ്ട്’ – ആത്മകഥയിൽ ബാൻ പറയുന്നു.