Sat. Jan 18th, 2025
പത്തനംതിട്ട:

കലുങ്ക് നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പ് റോഡ് കുറുകെ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അഴൂർ – കാതോലിക്കേറ്റ് കോളേജ് റോഡിൽ അഴൂർ കെഎസ്ഇബി ഓഫിസിന് സമീപത്ത് റോഡ് ആരംഭിക്കുന്നയിടമാണ് കുഴിച്ചിട്ടിരിക്കുന്നത്. തുടർച്ചയായി പെയ്യുന്ന മഴമൂലം അഴൂർ ജംക്‌ഷനിലെ കടകളിലും വീടുകളിലും വെള്ളം കയറുന്നത് പതിവാണ്.

കഴിഞ്ഞ ആഴ്ചയിലെ വെള്ളപ്പൊക്കത്തിൽ വീടുകളിലും കടകളിലും വെള്ളം കയറിയപ്പോൾ പൊതുമരാമത്ത് അധികൃതർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് പൊളിച്ച് വെള്ളം ഒഴുക്കിവിട്ടിരുന്നു. കെഎസ്ഇബി ജംക്ഷനിലെ പഴയ കലുങ്ക് അടഞ്ഞതാണ് വെള്ളം ഒഴുകി പോകാൻ തടസ്സമായത്. ഇതിനു പരിഹാരമായിട്ടാണ് പുതിയ കലുങ്ക് നിർമിക്കുന്നതിന് പൊതുമരാമത്ത് ടെൻഡർ വിളിച്ചത്.

ടെൻഡർ നടപടികൾ പുർത്തിയായെങ്കിലും പണികൾ ഒന്നും തുടങ്ങിയിട്ടില്ല. കാതോലിക്കേറ്റ് കോളജ്, കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ, എസ്ഡിഎ സ്കൂൾ, ബേസിൽ അരമന, കെഎസ്ഇബി സബ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകാനുള്ള പ്രധാന പാതയാണ്.കൈപ്പട്ടൂർ പാലത്തിന്റെ സമീപനപാത ഇടിഞ്ഞു താഴ്ന്നതിനാൽ ബസുകൾ അഴൂർ റോഡ് വഴിയാണ് തിരിച്ച് വിട്ടിരിക്കുന്നത്.

കോളേജിലും സ്കൂളുകളിലും പോകുന്ന വിദ്യാർത്ഥികൾ അടക്കം ഏറെ യാത്രക്കാർ ഇവിടെ ബസ് ഇറങ്ങി പൊളിച്ചിട്ടിരിക്കുന്ന റോഡിന്റെ കുഴിയിൽ ഇറങ്ങിക്കയറി വേണം പോകുവാൻ. കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിക്ക് കുഴിയിൽ വീണ് പരുക്കേറ്റിരുന്നു. അടിയന്തരമായി കലുങ്ക് നിർമാണം പൂർത്തിയാക്കി യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കണമെന്ന് വാർഡ് കൗൺസിലർ റോഷൻ നായർ ആവശ്യപ്പെട്ടു.